കോഴിക്കോട്: ബി.ആർ.സികളിൽ അറ്റൻഡറായി റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിട്ടും പാലിക്കാതെ സർക്കാർ. സർവ ശിക്ഷ അഭിയാനിലെ വടകര, തൂണേരി, പന്തലായനി, കുന്ദമംഗലം, കൊടുവള്ളി ബി.ആർ.സികളിൽ വർഷങ്ങൾ ജോലിചെയ്ത ദിവസവേതനക്കാരായ അഞ്ച് ജീവനക്കാരെ പിരിച്ചു വിട്ട സംഭവത്തിലാണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടിരുന്നത്.
എന്നാൽ, കമീഷൻ ഉത്തരവ് വന്ന് നലു വർഷമായിട്ടും സർക്കാർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. എസ്.എസ്.എയുടെ തുടക്കകാലത്ത് അഭിമുഖം നടത്തി നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ കയറിയവരെയാണ് ഭരണം മാറിയപ്പോൾ പിരിച്ചുവിട്ടത്. പരാതി നൽകിയെങ്കിലും നിയമനത്തിന് പരിഗണിച്ചില്ല. 2011ൽ വീണ്ടും ഭരണം മാറിയപ്പോൾ നിയമനം ലഭിച്ചുവെങ്കിലും 2016 ൽ പിരിച്ചുവിട്ടു. തുടർന്നാണ് പിരിച്ചുവിട്ടവരിൽ അഞ്ചു പേർ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
ഇവർക്കായി പ്രത്യേക തസ്തികയില്ലെന്നും ഇത്തരം ജോലികൾ നിർവഹിക്കാനുണ്ടാകുമ്പോൾ അതത് ബി.പി.ഒമാർ ദിവസ വേതനത്തിന് ആളുകളെ നിയമിക്കുകയാണെന്നും സർവ ശിക്ഷ അഭിയാൻ േപ്രാജക്ട് ഓഫിസർ കമീഷന് മറുപടി നൽകി. ഹരജിക്കാർ ജോലിയിൽ വീഴ്ച വരുത്തിയെന്ന പരാതി ഇല്ലാത്തതിനാലും സ്ഥിരമായി ഒരേ ആളുകൾക്ക് ജോലി നൽകണമെന്ന നിർബന്ധമില്ലാത്തതിനാലും പരാതിക്കാർക്കു കൂടി റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകണമെന്നായിരുന്നു 2017ൽ കമീഷെൻറ ഉത്തരവ്.
എന്നാൽ, ഉത്തരവ് വന്ന് നാലു വർഷമായിട്ടും ജോലി ലഭിക്കുകയോ അതിനുവേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരിലൊരാളായ അഷ്റഫ് കോറോത്ത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.