മുക്കം നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ നടന്ന സംഘർഷം 

മുക്കം നഗരസഭ യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും

മുക്കം: വാർഷിക പദ്ധതിരേഖ കൗൺസിൽ യോഗത്തിൽ വെക്കുന്നതുമായി ബന്ധപ്പെട്ട് മുക്കം നഗരസഭ യോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. 2022- 23 വർഷത്തെ പദ്ധതിരേഖ കൗൺസിൽ യോഗത്തിൽ വെക്കാതെ ഡി.പി.സി അംഗീകാരത്തിന് സമർപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾമൂലമാണ് തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗം അലങ്കോലമായത്.

കൗൺസിൽ അംഗീകരിക്കുന്നതിന് മുമ്പ് ജില്ല പ്ലാനിങ് കമ്മിറ്റിയിലേക്ക് പദ്ധതിരേഖ സമർപ്പിച്ചതിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാർ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് പരസ്പരം പോർവിളിയും ബഹളവും തുടങ്ങിയത്. കൗൺസിലർമാർ പ്രതിഷേധവുമായി ഡയസിലേക്ക് കയറിയതോടെ കൈയാങ്കളിയുമായി. സ്ഥിരംസമിതി അധ്യക്ഷനും അംഗങ്ങളുമായി ഡയസിലും ഏതാനും അംഗങ്ങൾ തമ്മിൽ ഹാളിനകത്തും പിടിയും വലിയും നടന്നു.

വനിത അംഗങ്ങളും ഇരുഭാഗത്തേയും മുതിർന്ന അംഗങ്ങളും ഇടപെട്ടാണ് ഏറ്റുമുട്ടൽ ഒഴിവാക്കിയത്. ബഹളം രൂക്ഷമായതോടെ തിടുക്കപ്പെട്ട് അജണ്ട വായിച്ച് പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർമാൻ യോഗ നടപടികൾ അവസാനിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷത്തെ കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പിരിയുകയായിരുന്നു. ഉച്ചക്ക് ശേഷം കൗൺസിൽ യോഗം ചേർന്നെങ്കിലും യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാർ ബഹിഷ്കരിച്ചു.

2022-23 വർഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തേ കൗൺസിൽ യോഗത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷം സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചു. ഇതോടെ നേരത്തേ തയാറാക്കിയ പദ്ധതിരേഖയിൽ മാറ്റം വരുത്തി പുതുക്കിയ രേഖയാണ് ഡി.പി.സിയിൽ അംഗീകാരത്തിനായി സമർപ്പിക്കേണ്ടത്. എന്നാൽ, പുതുക്കിയ പദ്ധതിരേഖ ആവശ്യപ്പെട്ടിട്ടും തങ്ങൾക്ക് നൽകുകയോ കൗൺസിൽ യോഗത്തിൽ വെക്കുകയോ ചെയ്തില്ലെന്നാണ് വെൽഫെയർ പാർട്ടി, യു.ഡി.എഫ് കൗൺസിലർമാരുടെ പരാതി.

കൂടാതെ മുക്കം ഗവ. ആശുപത്രി വളപ്പിൽനിന്ന് മരം മുറിച്ചുകടത്തിയ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നൽകിയില്ലെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.

എന്നാൽ, അജണ്ടയിലില്ലാത്ത വിഷയങ്ങൾ പറഞ്ഞ് യോഗം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചതെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. യോഗഹാളിലെ വേദിയിലേക്ക് കയറി സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും സെക്രട്ടറിയേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പദ്ധതിസമർപ്പണവുമായി ബന്ധപ്പെട്ട് വെരിഫിക്കേഷൻ റിപ്പോർട്ടുകൂടി അച്ചടിച്ചുകിട്ടാനുള്ള താമസം മാത്രമാണ് ഉണ്ടായതെന്നും ഇത് ബോധ്യമായിട്ടും യോഗം തടസ്സപ്പെടുത്തി വികസനം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Argument and scuffle at Mukkam Municipal Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.