കോഴിക്കോട്: വിധിയെത്ര തോൽപിക്കാൻ ശ്രമിച്ചാലും ആതിര തളരില്ല. വിധിയോർത്ത് കണ്ണീർ പൊഴിക്കാനല്ല, ആകാശത്തോളം വളർന്ന് അതിജീവനത്തിെൻറ കോട്ടയാകാനാണ് അവളുടെ ശ്രമം. നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചെറുകുളത്തൂർ സ്വദേശിയായ ആതിര മാതാപിതാക്കളായ മിനിക്കും സുഗതനുമൊപ്പം വീൽചെയറിലാണ് സർക്കാർ സഹായം പ്രതീക്ഷിച്ച് ടാഗോർ ഹാളിലെ സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചികിത്സസഹായം അനുവദിച്ചതിനുപുറമേ ആതിരക്ക് ഇഷ്ടപ്പെട്ട മാതൃകയിലുള്ള വീൽചെയർ നൽകാനും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശിച്ചു. ലാപ്ടോപ് വീട്ടിലെത്തുമെന്നും മന്ത്രി ഉറപ്പുനൽകി.
ബി.ഡി.എസ് പൂർത്തിയാക്കി സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്ന ആതിര മൊബൈൽ ഫോൺ വഴിയാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. ഇൗ പരിമിതി മനസ്സിലാക്കിയാണ് ലാപ്ടോപ് നൽകണമെന്ന് നിർദേശിച്ചത്. ആതിരയുടെ സ്വാധീനമില്ലാത്ത കാലുകളിൽ പിതൃവാത്സല്യത്തോടെ തൊട്ടുനോക്കിയാണ് മന്ത്രി സഹായ അപേക്ഷ സ്വീകരിച്ചത്. കാര്യങ്ങൾ എത്രയുംപെട്ടെന്ന് തീരുമാനമാക്കുന്നതിന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയതിനുപുറമെ ഏത് സഹായത്തിനും എപ്പോഴും വിളിക്കാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്.
2016 ഫെബ്രുവരി എട്ടിനാണ് ആതിരയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. കണ്ണുതുറന്നപ്പോൾ കൃത്രിമ ഉപകരണങ്ങളുെട സഹായത്താലുള്ള ജീവെൻറ തുടിപ്പുമാത്രമായിരുന്നു. മൂന്നു ദിവസം കോമയിലായിരുന്നുെവന്നും മൂന്നുമാസത്തോളം ഐ.സി.യുവിലായിരുന്നുെവന്നുമെല്ലാം അമ്മ പറഞ്ഞുള്ള അറിവാണ് ആതിരക്ക്. പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻതന്നെ ഒരുവർഷം വേണ്ടിവന്നു. നെഞ്ചിനുതാെഴ ചലനമില്ലാതെ വീൽചെയറിലാണിപ്പോൾ ജീവിതമെങ്കിലും എല്ലാം തിരിച്ചുപിടിക്കുമെന്ന വാശിയാണീ ഈ 26കാരിക്ക്.
ബംഗളൂരു കെങ്കേരിയിലെ രാജരാജേശ്വരി കോളജിൽ ബി.ഡി.എസ് വിദ്യാർഥിയായിരുന്നു അന്ന് ആതിര. കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങവെ വരമ്പിൽ കയറിയ ബൈക്കിൽനിന്ന് ആതിര തെറിച്ചുവീഴുകയും നട്ടെല്ല് പൊട്ടി സ്പൈനൽ കോഡ് തകരാറിലാവുകയുമായിരുന്നു. ഒരുവർഷത്തോളം കെങ്കേരിയിലെ ബി.ജി.എസ് ഗ്ലോബൽ ആശുപത്രിയിലും തുടർന്ന് മിംസിലും വെല്ലൂരിലുമായി ചികിത്സ. ഇതിനിടെ അണുബാധയുണ്ടായി വീണ്ടും ബംഗളൂരുവിലേക്ക്. പിന്നീടാണ് നാട്ടിൽ തിരിച്ചെത്തിയത്. 80 ലക്ഷത്തിലേറെ രൂപയാണ് ചികിത്സക്കായി ചെലവഴിച്ചത്.
വിദേശത്ത് തുടർ ചികിത്സ ഡോക്ടർമാർ നിർദേശിച്ചെങ്കിലും കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടറായ സുഗതനും എൽ.ഐ.സി ഏജൻറായ മിനിക്കും മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല. ഇതിനിടെ ബി.ഡി.എസ് പൂർത്തീകരിച്ചു. തുടർന്നാണ് ഐ.എ.എസിന് തയാറെടുപ്പാരംഭിച്ചത്.
മോഡലിങ്ങിൽ താൽപര്യമുള്ള ആതിര െകാച്ചിയിൽ നടന്ന ഫാഷൻ ലീഗിൽ വീൽചെയറിലിരുന്ന് പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു. തെൻറ അവസ്ഥയിൽ കഴിയുന്നവർക്ക് പ്രചോദനമാവാനാണ് സിവിൽ സർവിസ് െതരഞ്ഞെടുത്തതെന്നാണ് ആതിരയുടെ പക്ഷം. ഏകസഹോദരി അനഘ നഴ്സിങ്ങിന് പഠിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.