ആയഞ്ചേരി: 'കമ്പ്യൂട്ടർ അബ്ദുല്ല' എന്നറിയപ്പെടുന്ന വള്ളിയാട് ഈസ്റ്റ് എൽ.പി സ്കൂളിലെ അറബിക് അധ്യാപകനായ കെ.കെ. അബ്ദുല്ല കോവിഡ് കാലത്തും തിരക്കിലാണ്. ഐ.ടി വിദഗ്ധൻ കൂടിയായ ഈ അധ്യാപകൻ സ്കൂൾ അടച്ചു പൂട്ടിയതോടെ ഒട്ടനവധി അധ്യാപകർക്കാണ് കമ്പ്യൂട്ടർ പരിജ്ഞാനം പകർന്നു നൽകിയത്. പത്തു പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് സ്വന്തം സ്കൂളിലെ ഐ.ടി മുറി ഉപയോഗപ്പെടുത്തി ഓൺലൈനിലൂടെയാണ് പരിശീലനം. പുതിയ അധ്യായന വർഷം പഠനം ഓൺ ലൈൻ ആയതോടെ പഠിതാക്കളായ അധ്യാപകരുടെ എണ്ണവും വർധിക്കുകയായിരുന്നു. പുതിയ ബാച്ചിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് ക്ലാസിനു വേണ്ടി സീറ്റ് ഉറപ്പിക്കുകയാണ് അധ്യാപകർ. നിരവധി അധ്യാപകർ ഇതിനകം പഠനം പൂർത്തിയാക്കി പുറത്തിറങ്ങിക്കഴിഞ്ഞു.
വർഷങ്ങളായി തോടന്നൂർ ഉപജില്ല മേളകളുടെ ഐ.ടി സെക്ഷൻ നിയന്ത്രിച്ചിരുന്നത് അബ്ദുല്ല മാസ്റ്ററാണ്. മുഴുവൻ മേളകളുടെയും പ്രോഗ്രാം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലൂടെയാണ് നടന്നുവരുന്നത്. രാപ്പകൽ വിശ്രമമില്ലാതെ കമ്പ്യൂട്ടറിനു മുന്നിൽ അടയിരുന്ന് േഡറ്റ എൻട്രി മുതൽ വിജയികളുടെ സർട്ടിഫിക്കറ്റുവരെ പ്രിൻറ് ചെയ്ത് പരാതിക്കിടയില്ലാത്തവിധം ചെയ്യുന്നതിൽ അബ്ദുല്ല മാസ്റ്ററുടെ സേവനം പ്രശംസനീയമാണ്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തോടന്നൂർ ഉപജില്ല, വടകര വിദ്യാഭ്യാസ ജില്ല ഐ.ടി കോഓഡിനേറ്ററായ അദ്ദേഹം നിരവധി റവന്യു ജില്ല മേളകളിൽ ഐ.ടി. സെക്ഷൻ കൈകാര്യം ചെയ്തിരുന്നു.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കമ്പ്യൂട്ടർ സെക്ഷൻ കൈകാര്യം ചെയ്തതിൽ അന്നത്തെ ഡി.പി.ഐ ആയിരുന്ന മുഹമ്മദ് ഹനീഷ് ഐ.എ. എസ് പ്രത്യേകം അഭിനന്ദിച്ചത് മാസ്റ്റർ അഭിമാനത്തോടെ ഓർക്കുന്നു. സംസ്ഥാന അറബി അധ്യാപകരുടെ അൽ മുദരിസീൻ ബ്ലോഗിെൻറ പ്രത്യേക പുരസ്കാരവും അബ്ദുല്ല മാസ്റ്റർക്ക് ലഭിച്ചിരുന്നു. വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും അബ്ദുല്ല മാഷിെൻറ വീട് ഒരു മിനി അക്ഷയ സെൻറാണ്. ഓൺലൈനായുള്ള മുഴുവൻ അപേക്ഷകളും പ്രിൻറ് ഉൾെപ്പടെ സൗജന്യമായി ചെയ്തു കൊടുക്കുന്നത് പതിവുകാഴ്ചയാണ്.
മദ്റസാ പഠനവും ഓൺലൈൻ ആയതോടെ നിരവധി മദ്റസ അധ്യാപകരും കമ്പ്യൂട്ടർ പരിശീലിക്കാൻ അബ്ദുല്ല മാസ്റ്ററെ സമീപിക്കുകയുണ്ടായി. വള്ളിയാട് ഇസ്സത്തുൽ ഇസ്ലാം മദ്റസയിലെ അധ്യാപകർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയതിനാൽ വള്ളിയാട് മഹല്ല് യു.എ.ഇ ചാപ്റ്റർ കമ്മിറ്റിയുടെ ഉപഹാരം കഴിഞ്ഞ ദിവസം മഹല്ല് പ്രസിഡൻറ് എം.സി. മൊയ്തു മാസ്റ്റർ നൽകുകയുണ്ടായി. പഠിതാക്കളിൽനിന്ന് ഒരുവിധ പ്രതിഫലവും വാങ്ങാതെയാണ് അബ്ദുല്ല മാസ്റ്റർ തെൻറ സമയത്തിെൻറ നല്ലൊരുഭാഗവും ഇതിനായി മാറ്റിവെക്കുന്നത്. താൻ സ്വായത്തമാക്കിയ അറിവ് മറ്റുള്ളവർക്കൂകൂടി പകർന്നു കൊടുക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നാണ് മാസ്റ്ററുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.