ആയഞ്ചേരി: സ്വയം ഉൽപാദിപ്പിച്ച ആയിരത്തോളം മാവിൻതൈകൾ സ്കൂൾ ഫോറസ്ട്രി ക്ലബിന് നൽകി പൂർവവിദ്യാർഥി. കടമേരി എം.യു.പി സ്കൂൾ പൂർവവിദ്യാർഥി കീരിയങ്ങാടി സ്വദേശി പറമ്പത്ത് സഹദാണ് മാവിൻതൈകൾ നൽകിയത്. നാട്ടിൽ നാമാവശേഷമാകുന്ന വിവിധയിനം നാട്ടുമാവിൻ തൈകൾക്ക് പുറമേ പ്രശസ്തമായ അരൂർ എളോർ, നീല പറങ്കി, കോമാങ്ങ, കുറുക്കൻ മാങ്ങ, തത്തക്കൊത്തൻ, കിളിച്ചുണ്ടൻ തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ മാവിൻതൈകളാണ് സ്കൂളിന് നൽകിയത്.
കഴിഞ്ഞ വേനലിന് ശേഷം ഈ ലക്ഷ്യവുമായി തിരിച്ച സഹദ് വിവിധ മാങ്ങയുടെ വിത്തുകൾ ശേഖരിച്ച് പ്രത്യേകം തയാറാക്കിയ ഗ്രോ ബാഗിൽ നട്ടു മുളപ്പിക്കുകയായിരുന്നു. രണ്ടായിരത്തോളം വിത്തുകൾ ശേഖരിച്ചതിൽ പകുതി മാത്രമാണ് ശരിയായ രീതിയിൽ മുളച്ചത്. സ്കൂളിൽ നൽകിയതിന് പുറമേ അവശേഷിക്കുന്ന തൈകൾ നാട്ടിലും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും വെച്ചുപിടിപ്പിക്കാനാണ് ഉദ്ദേശ്യം. അടുത്ത വർഷം ആയിരത്തിലധികം കശുമാവ്, വിവിധയിനം പ്ലാവുകൾ, അന്യംനിന്നുപോകുന്ന മറ്റു ഫല വർഗങ്ങൾ എന്നിവ ഉൽപാദിപ്പിച്ച് സന്നദ്ധ സംഘടനകൾക്കും വനംവകുപ്പിനും സമർപ്പിക്കാനാണ് ലക്ഷ്യം.
സഹദിൽനിന്ന് കടമേരി എം.യു.പി. സ്കൂൾ പ്രധാന അധ്യാപകൻ ടി.കെ. നസീർ മാവിൻതൈകൾ സ്വീകരിച്ചു.വാർഡ് അംഗം ടി.കെ. ഹാരിസ്, ഫോറസ്ട്രി ക്ലബ് കൺവീനർ കെ.കെ. അയ്യൂബ്, അധ്യാപകരായ പി.കെ. അഷറഫ്, കെ.കെ. സഫീറ, കെ.സി. ഫാസിൽ എന്നിവർ സംബന്ധിച്ചു.സഹദിനെ സ്കൂൾ സ്റ്റാഫ്, പി.ടി.എ കമ്മിറ്റി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.