ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ നിവേദനം നൽകി. കഴിഞ്ഞ നാലുമാസമായി സെക്രട്ടറി അവധിയിലാണ്. അവധി നീട്ടി കിട്ടാൻ വേണ്ടി വീണ്ടും അപേക്ഷയും നൽകി. പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ നേതൃപരമായ പങ്കുവഹിക്കുന്ന നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലക്ക് സെക്രട്ടറിയുടെ അഭാവം പഞ്ചായത്തിൽ വളരെയധികം പ്രയാസം സൃഷ്ടിക്കുന്നു.
നിലവിലെ പ്ലാൻ ക്ലർക്കും അവധിയിലാണ്. കൂടാതെ രണ്ട് എൽ.ഡി ക്ലർക്ക്മാരുടെ ഒഴിവുകൾ നേരത്തേ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള ഒരു എൽ.ഡി ക്ലർക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി പുതിയ ലാവണത്തിലേക്ക് പോവുകയാണ്. പഞ്ചായത്തിലെ മറ്റൊരു യു.ഡി ക്ലർക്ക് മേയ് 31ന് സർവിസിൽ നിന്ന് വിരമിക്കുകയാണ്. മേയ് ഒന്നു മുതൽ അവധിക്ക് അപേക്ഷയും നൽകിയിട്ടുണ്ട്.
എൽ.എസ്.ജി.ഡി വിഭാഗത്തിൽ അസിസ്റ്റൻറ് എൻജിനീയർമാർ മാറിവരുന്നത് കാരണം വളരെയധികം പ്രയാസം സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാലുപേരാണ് താൽക്കാലിക നിയമനാടിസ്ഥാനത്തിൽ ചുമതലയേറ്റത്. അതുകാരണം കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിലും വലിയ പ്രയാസം അനുഭവപ്പെട്ടിട്ടുണ്ട്. ഒരു അസിസ്റ്റൻറ് എൻജിനീയറെ സ്ഥിരമായി നിയമിക്കാനും ഒഴിവുള്ള ഓവർസിയർ തസ്തികയിലേക്ക് ഉടൻതന്നെ നിയമം നടത്താനും കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്തിൽ ഇത്രയധികം ഉദ്യോഗസ്ഥന്മാരുടെ ഒഴിവുകൾ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണുള്ളതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. എത്രയും പെട്ടെന്നുതന്നെ ഉദ്യോഗസ്ഥന്മാരെ നിയമിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ നിവേദനം നൽകി. വൈസ് പ്രസിഡൻറ് സരള കൊള്ളികാവിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, അംഗങ്ങളായ എൻ. അബ്ദുൽ ഹമീദ്, ടി.കെ. ഹാരിസ്, എ. സുരേന്ദ്രൻ, എം.വി. ഷൈബ, പി.കെ. ആയിഷ ടീച്ചർ, സി.എം. നജ്മുന്നിസ എന്നിവർ നിവേദക സംഘത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.