ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് നടപടിക്രമങ്ങൾ പാലിക്കാതെ പിൻവാതിലിലൂടെ നിയമിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ തദ്ദേശ സ്വയംഭരണ മന്ത്രിക്കും വനിത ശിശുവികസന മന്ത്രിക്കും പരാതി നൽകി.
വാർഷിക പദ്ധതി രൂപവത്കരണ മാർഗരേഖയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിത വികസന പ്രവർത്തനങ്ങളും ജാഗ്രത സമിതികൾ, ജി.ആർ.സികൾ പോലുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റും നിശ്ചിത യോഗ്യതയുള്ള വനിതകളെ നിയോഗിക്കുന്നതിന് പദ്ധതി രൂപവത്കരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സമർപ്പിച്ച പദ്ധതി കഴിഞ്ഞ മാർച്ചിൽ അംഗീകാരം ലഭിച്ചതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനങ്ങൾവരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാർഥികളുടെ ലിസ്റ്റിൽനിന്ന് നടത്തണമെന്നതാണ് സർക്കാർ നിർദേശം. 10 മാസം പിന്നിട്ടിട്ടും നിയമന നടപടികൾ നടത്താതെ, പഞ്ചായത്ത് ഭരണസമിതി ചർച്ചചെയ്യുകയോ അഭിമുഖ ബോർഡിനെ നിശ്ചയിക്കുകയോ ചെയ്യാതെ ജനുവരി 12ന് 11ന് അഭിമുഖത്തിന് ഹാജരാവണമെന്ന് തലേദിവസം വാട്സ്ആപ്പിലൂടെ അറിയിപ്പ് കൊടുത്തപ്പോഴാണ് ഭരണസമിതി അംഗങ്ങൾ വിവരം അറിയുന്നതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് വന്ന ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്താതെ തൽക്കാലം ചോദ്യം തയാറാക്കി പരീക്ഷ നടത്തിയിരിക്കുകയാണ്.
സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നടപടിയാണ് ആയഞ്ചേരി പഞ്ചായത്ത് ഓഫിസിൽ നടന്നതെന്നും യു.ഡി.എഫ് ഭരണസമിതിയുടെ ഈ നീക്കം അന്വേഷണവിധേയമാക്കണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ടി. സജിത്ത്, എൻ.പി. ശ്രീലത, സുധ സുരേഷ്, പ്രബിത അണിയോത്ത്, പി. രവീന്ദ്രൻ, ലിസ പുനയം കോട്ട് എന്നിവർ സംസാരിച്ചു.
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് നടപടിക്രമങ്ങൾ പാലിച്ചാണ് അഭിമുഖം തീരുമാനിച്ചതെന്നും എൽ.ഡി.എഫ് ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന സരള കൊള്ളിക്കാവിൽ പറഞ്ഞു. വെള്ളിയാഴ്ച അഭിമുഖം നടത്താൻ തീരുമാനമെടുത്തിരുന്നെങ്കിലും അഭിമുഖം നടത്താൻ നിയോഗിച്ചയാൾക്ക് അസൗകര്യം നേരിട്ടതിനാൽ ഉദ്യോഗാർഥികളുടെ ബയോഡേറ്റ സ്വീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.