ആയഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് 11 വർഷമായ ആയഞ്ചേരി ബസ് സ്റ്റാൻഡിൽ അഞ്ചു വർഷത്തെ ഇടവേളക്കുശേഷം ശനിയാഴ്ച മുതൽ വീണ്ടും ബസുകൾ കയറാൻ തീരുമാനമായി. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം കുറച്ചുകാലം ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയെങ്കിലും അഞ്ചു വർഷത്തോളമായി ബസ് കയറിയിരുന്നില്ല.
ഇത് ടൗണിൽ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും സർവകക്ഷികളുടെയും മോട്ടോർ തൊഴിലാളികളുടെയും ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും വ്യാപാരി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്.
വടകര ഭാഗത്തുനിന്ന് കുറ്റ്യാടി-കക്കട്ട് ഭാഗത്ത് പോകുന്ന ബസുകൾ സർക്കാർ ഹോമിയോ ആശുപത്രിക്കു സമീപം നിർത്തി യാത്രക്കാരെ ഇറക്കിയശേഷം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. കുറ്റ്യാടി-കക്കട്ട് ഭാഗത്തുനിന്ന് വടകരക്ക് പോകുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റി തിരുവള്ളൂർ റോഡ് വഴി ടൗൺ പള്ളിക്കു സമീപം മാത്രം നിർത്തുക.
വടകര സി.ഐ മനോജിന്റെ നേതൃത്വത്തിൽ ടൗണിൽ ആവശ്യമായ മറ്റു ഗതാഗത ക്രമീകരണങ്ങളും ഒരുക്കി. യോഗത്തിൽ ഭരണസമിതി അംഗങ്ങളായ അശ്റഫ് വെള്ളിലാട്ട്, പി.എം. ലതിക, സി.എം. നജ്മുന്നീസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കണ്ണോത്ത് ദാമോദരൻ, കെ. സോമൻ.
സി.വി. കുഞ്ഞിരാമൻ, യു.വി. ചാത്തു, സി.എച്ച്. ഹമീദ്, കണ്ടോത്ത് കുഞ്ഞിരാമൻ, എം. ഇബ്രാഹിം, മുത്തു തങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികളായ മൻസൂർ എടവലത്ത്, രാജീവൻ, കുഞ്ഞിരാമൻ പറമ്പത്ത്, ബസ് ഉടമ പ്രതിനിധികളായ എ.പി. ഹരിദാസൻ, മോട്ടോർ തൊഴിലാളി പ്രതിനിധികളായ ആറാറ്റിൽ സതീശൻ, മഹേഷ്, രാജൻ പുതുശ്ശേരി, ആനാണ്ടി മുഹമ്മദ് യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.