ആയഞ്ചേരി: യുവതിക്ക് മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയതായി പരാതി. തീക്കുനി കാരക്കണ്ടി സ്വദേശി റജുല(46)ക്കാണ് രണ്ട് ഡോസ് കോവിഷീൽഡ് നൽകിയത്. കൈകാലുകൾക്ക് തളർച്ച അനുഭവപ്പെട്ട റജുലയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റജുലക്കും ഭർത്താവ് നിസാറിനും കഴിഞ്ഞ ദിവസമാണ് ആയഞ്ചേരി കടമേരി സി.എച്ച്.സിയിൽ ആദ്യ ഡോസ് വാക്സിൻ സൗകര്യം ലഭ്യമായത്. വൈകീട്ട് മൂന്ന് മണിയോടെ എത്തിയ ഇവർക്ക് തിരക്കില്ലാത്തതിനാൽ പെട്ടന്നുതന്നെ കുത്തിവെപ്പ് എടുത്തു. റജുലക്കാണ് ആദ്യം വാക്സിൻ എടുത്തത്. ഒരു ഡോസ് വാക്സിൻ എടുത്ത് മിനിറ്റുകൾക്കകം അടുത്ത ഡോസും കുത്തിവെക്കുകയായിരുന്നു. ശേഷം പുറത്ത് പോയി മരുന്ന് വാങ്ങിക്കാൻ നഴ്സ് പറയുകയും ചെയ്തു. പിന്നീട് നിസാർ കുത്തിവെച്ചപ്പോൾ എന്തുകൊണ്ട് രണ്ടാമതും കുത്തിവെക്കുന്നില്ല എന്ന് ചോദിച്ചപ്പോഴാണ് തെറ്റുപറ്റിയത് മനസ്സിലായത്. ഉടൻ തന്നെ റജുലയോട് ഡോക്ടർമാർ ഒരു മണിക്കൂർ നിരീക്ഷണത്തിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്നങ്ങളൊന്നും കാണാത്തതിനെത്തുടർന്ന് വീട്ടിലേക്ക് അയക്കുകയും ചെയ്തു.
ഏഴു മണിയോടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴേക്കും റജുല കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ വടകര സി.എം ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതു കൈക്കും കാലിനും തളർച്ച ഉണ്ടെന്ന് കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. റജുലയുടെ ആരോഗ്യനില തൃപ്തികരമാണ്.
വാക്സിൻ നൽകിയ നഴ്സിനു പറ്റിയ അബദ്ധമാണെന്നാണ് ഭർത്താവ് നിസാർ പറയുന്നത്. ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ തുടങ്ങിയവർക്ക് പരാതി നൽകി. എന്നാൽ, യുവതിക്ക് രണ്ടു തവണ വാക്സിൻ നൽകിയിട്ടില്ലെന്നും ആദ്യ കുത്തിവെപ്പിൽ രക്തം വന്നതിനെ തുടർന്ന് മറ്റൊരു ഭാഗത്ത് കുത്തിെവച്ചതാണെന്നുമാണ് കടമേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് അറിയിച്ചത്. വിജിലൻസ് ഉദ്യോഗസ്ഥർ കടമേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫിസർ, കുത്തിവെപ്പ് നടത്തിയ നഴ്സ് എന്നിവരിൽനിന്ന് വിവരം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.