ആയഞ്ചേരി: കോവിഡ് അടച്ചുപൂട്ടലിനു ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി തുറന്നു പ്രവർത്തിച്ചതിനു പിന്നാലെ വിദ്യാർഥികളിൽനിന്നും നിർബന്ധിത പണപ്പിരിവ്.
ശിശുക്ഷേമ സമിതി കഴിഞ്ഞ അധ്യയന വർഷത്തെ (2020-21) 15 രൂപയുടെ സ്റ്റാമ്പ് ആണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽനിന്നും സ്കൂൾ പ്രധാനാധ്യാപകർക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. വിദ്യാർഥികളിൽനിന്നും സംഖ്യ പിരിച്ച് തുക ഉടനെ അതത് ഉപജില്ലാ ഓഫിസിൽ എത്തിക്കാനാണ് നിർദേശം.
2019-20 വർഷത്തെ സ്റ്റാമ്പ് വിതരണം ബാലാവകാശ കമീഷന്റെ വിലക്കിനെ തുടർന്ന് വിതരണം നടന്നിരുന്നില്ല. എന്നാൽ, കെട്ടിക്കിടന്ന സ്റ്റാമ്പിന്റെ തുക അടക്കാൻ ഉപജില്ലാ ഓഫിസർക്ക് ബാധ്യതയായി തീർന്നതിനാൽ പ്രധാനാധ്യാപകരുടെ ഫോറം ഏറ്റെടുത്ത് സംഖ്യ നൽകുകയാണുണ്ടായത്. ഇപ്പോൾ വിതരണം ചെയ്ത സ്റ്റാമ്പ് സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വിദ്യാർഥികളിൽ നിന്നും സംഖ്യ പിരിച്ച് എങ്ങനെ നൽകുമെന്നാണ് പ്രധാനാധ്യാപകർ പറയുന്നത്.
തിരുവള്ളൂർ: കോവിഡ് പ്രയാസത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച് സാമ്പത്തികമായ അരക്ഷിതാവസ്ഥ നേരിടുന്ന മാർച്ച് മാസത്തിൽ തന്നെ കേരള സംസ്ഥാന ശിശുക്ഷേമ സമിതി 2020 - 21 ലെ സ്റ്റാമ്പ് നൽകി കുട്ടികളിൽനിന്നും നിർബന്ധിത പണപ്പിരിവ് നൽകുന്നതിൽ നിന്നും സർക്കാർ പിന്മാറണമെന്ന് യൂത്ത് കേൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. ഇസ്ഹാഖ് ആവശ്യപ്പെട്ടു.
അനാവശ്യമായ കാര്യങ്ങളിൽ പോലും ഖജനാവിൽനിന്നും പണം ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ട രക്ഷിതാക്കളെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിദ്യാർഥികളെ ചൂഷണം ചെയ്യുന്ന ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.