ആയഞ്ചേരി: കഴിഞ്ഞ ദിവസം മംഗലാട് മരിച്ച മമ്മിളികുനി ഹാരിസിന്റെ മരണം നിപ ബാധയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയഞ്ചേരിയിൽ നടപ്പിലാക്കിയ അതിജാഗ്രത നിർദേശങ്ങൾ തുടരുന്നു. പഞ്ചായത്തിലെ മിടിയേരി, അഞ്ചുകണ്ടം, കീരിയങ്ങാടി, തണ്ണീർപന്തൽ, കടമേരി, കടമേരി വെസ്റ്റ്, മംഗലാട്, പൊയിൽപാറ, കുറ്റിവയൽ എന്നീ ഒമ്പതു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ബാരിക്കേഡ് കെട്ടി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിലെ സ്കൂൾ, മദ്റസ, അംഗൻവാടി തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു.
തണ്ണീർപന്തൽ ടൗണിലെ ഓട്ടോ, ജീപ്പ് ടാക്സി സർവിസുകളും ബസ് ഗതാഗതവും നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂവെന്ന് നിർദേശം നൽകി. കണ്ടെയ്ൻമെന്റ് സോണിൽ അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതും ഈ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ പാടില്ലെന്നും പൊലീസ് വകുപ്പിലെയും ആരോഗ്യ മേഖലയിലെയും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. സാമൂഹിക അകലം പാലിക്കാനും സാനിറ്റൈസർ, മാസ്ക് എന്നിവ നിർബന്ധമായും ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്ത് ഓഫിസിൽ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂം തുറന്നു പ്രവർത്തനം ആരംഭിച്ചു. ജാഗ്രതാ നിർദേശമുള്ള വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി.
ആരോഗ്യ ബോധവത്കരണത്തിനും ബാരിക്കേഡുകൾ കെട്ടി ജാഗ്രത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും മറ്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു, വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, വാർഡ് അംഗങ്ങളായ ടി.കെ. ഹാരിസ്, എ. സുരേന്ദ്രൻ, നാദാപുരം പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ മുഹമ്മദലി, എ.എസ്.ഐ ശശീന്ദ്രൻ, എസ്.എച്ച്.ഒ ഫായിസലി, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സജീവൻ, സന്ദീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.