ആയഞ്ചേരി: നിപ മരണം സ്ഥിരീകരിച്ച മംഗലാട് സമ്പർക്കത്തിലുള്ള നാലു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആയതോടെ പ്രദേശത്തെ ഭീതി ഒഴിവായി. നിപ ബാധിച്ച് മരിച്ച വ്യക്തിയുമായി ആശുപത്രിയിലും മറ്റും അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ഹൈറിസ്ക് കോണ്ടാക്ടിലുണ്ടായിരുന്ന നാലു പേരുടെ പരിശോധന ഫലമാണ് ഞായറാഴ്ച നെഗറ്റിവായത്.
ഇവരുടെ പരിശോധന ഫലം എത്തിയതോടെ പ്രദേശം ആശ്വാസത്തിലായിരിക്കയാണ്. നിപയെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിൽ പൊതുജനത്തിന്റെ സഹകരണത്തോടോപ്പം സ്ഥിതിഗതികൾ യഥാസമയം വിലയിരുത്തിയും ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തിയും പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുളള പ്രവർത്തനത്തിൽ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും. കണ്ടെയ്ൻമെന്റ് സോണിൽ ആർ.ആർ.ടി വളന്റിയർമാർ മരുന്നുകൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നു.
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിനേന മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നുമുണ്ട്. കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മത് കുട്ടി, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കട്ടിൽ മൊയ്തു, മറ്റു ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. 13ാം വാർഡ് മംഗലാട് വാർഡ് അംഗം എ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രദേശത്തെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണക്കിറ്റ് വിതരണവും നടത്തിവരുന്നു.
കണ്ടെയ്ൻമെന്റ് സോണിൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ബയോ മെട്രിക് സംവിധാനമില്ലാതെ റേഷൻ സാധനങ്ങൾ വാങ്ങാനുള്ള സംവിധാനം തിങ്കളാഴ്ച മുതൽ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.