ആയഞ്ചേരി: ഭക്തരെ കാണാൻ ഉത്രാടത്തിനും തിരുവോണത്തിനും ഇത്തവണ ഓണത്തപ്പൻ വരില്ല. കടത്തനാട്ടിൽ മിക്ക പ്രദേശങ്ങളിലും ഓണക്കാലത്ത് സ്ഥിരസാന്നിധ്യമായിരുന്ന 'ഓണപ്പൊട്ടൻ' എന്ന ഓണത്തപ്പനെ ഓൺലൈനിൽ മാത്രം ദർശിക്കേണ്ടി വരും. കോവിഡ് പ്രതിരോധത്തിനുള്ള സർക്കാറിെൻറയും ആരോഗ്യ വകുപ്പിെൻറയും പോലീസിെൻറയും നിർദേശം പാലിച്ച് ഈ ഓണത്തിന് ഓണപ്പൊട്ടൻ വേഷംകെട്ടി വീടുകളിൽ പോകേണ്ടതില്ലെന്ന് ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന തീരുമാനിച്ചിട്ടുണ്ട്.
വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും പേരുണ്ട്. ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഇത്. വായ് തുറക്കാതെതന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു.
മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്. ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.
മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടെൻറ വേഷം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്.
മിഥുന മാസത്തിലെ വേടൻ പാട്ട്, കർക്കിടക മാസത്തിലെ കാലൻ പാട്ട്, ശീപോതി പാട്ട് എന്നിവയും കോവിഡ് കാരണം മുടങ്ങി. ഓണനാളുകളിൽ വീടുകളിൽ കയറി ഭക്തരിൽനിന്നു ലഭിക്കുന്ന ദക്ഷിണയാണ് ഇവരുടെ പ്രധാന വരുമാന മാർഗം. കോവിഡ് കാലമായതിനാൽ ഇത് നിലച്ചിരിക്കുകയാണ്.
എന്നാൽ, തെയ്യം കലാകാരൻമാർക്കുള്ള ധനസഹായം സർക്കാർ പ്രഖ്യാപിച്ചെങ്കിലും ലഭ്യമായിട്ടില്ല എന്നാണ് 30 വർഷമായി ഈ മേഖലയിൽ തെയ്യമവതരിപ്പിക്കുന്ന നിട്ടൂരിലെ രാജേഷ് വെള്ളാലിത്തിൽ പരാതിപ്പെടുന്നത്. ഓണപ്പൊട്ടനെ അനുകരിച്ച് വിവിധ കലാ, സംസ്കാരിക ക്ലബുകളും, സന്നദ്ധ സംഘടനകളും ധനസമാഹരണ മാർഗത്തിനായി 'ഓണപ്പൊട്ടൻ' വേഷം കെട്ടി ഫണ്ട് സ്വരൂപിക്കുക പതിവാക്കിയിരുന്നു. അതും നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.