ആയഞ്ചേരി: തോടന്നൂർ ബ്ലോക്കിലെ മണിയൂർ, തിരുവള്ളൂർ, ആയഞ്ചേരി, വില്യാപള്ളി പഞ്ചായത്തുകളിൽ പശുക്കൾക്ക് ചർമമുഴ രോഗം വ്യാപകമാവുമ്പോൾ മതിയായ വെറ്ററിനറി ഡോക്ടർമാരില്ലാതെ ക്ഷീരകർഷകർ ആശങ്കയിൽ. സാംക്രമിക വൈറസ് രോഗമായ ലംപി സ്കിൻ ഡിസീസ് എന്ന ചർമമുഴ രോഗം വന്ന പശുക്കൾക്ക് പനി, കഴലവീക്കം, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്.
വായില്‍നിന്നും ഉമിനീര് പതഞ്ഞൊലിക്കല്‍, തീറ്റമടുപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങളായി കാണുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ശരീരത്തില്‍ അങ്ങിങ്ങായി ചെറുതും വലുതുമായ മുഴകള്‍ പ്രത്യക്ഷപ്പെടുന്നു. പിന്നാലെ പശുക്കള്‍ കിടപ്പിലാകും. രോഗബാധ കാരണം കറവപ്പശുക്കള്‍ പാല് ചുരത്തുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
രോഗം ബാധിച്ച പശുവിനെ മൂന്നുദിവസത്തിനകം എഴുന്നേല്‍പ്പിക്കാനായില്ലെങ്കില്‍ വീണുകിടക്കുന്ന ഭാഗത്ത് കൂടുതൽ വ്രണങ്ങൾ രൂപപ്പെടുന്നു. ചികിത്സ വൈകിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പശുവിന്റെ ജീവന് നഷ്ടപ്പെടുമെന്നതാണ് അനുഭവം.
മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം തോടന്നൂർ ബ്ലോക്കിൽ ഒരു മാസത്തിനിടെ രണ്ടായിരത്തിലധികം പശുക്കളില്‍ ചര്‍മമുഴ ലക്ഷണം കണ്ടെത്തി. പ്രതിരോധ കുത്തിവെപ്പിലൂടെ പലതും സുഖം പ്രാപിച്ചു. രോഗം തീവ്രമായാൽ ന്യൂമോണിയ ബാധിച്ച് പശുക്കൾ ചത്തുപോകാൻ ഇടയുള്ളതിനാൽ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധപുലർത്തുകയാണ് കർഷകർ.
ഈച്ചകൾ പരത്തുന്ന രോഗമായതിനാൽ പ്രാണികളെ അകറ്റി കന്നുകാലികളെ സംരക്ഷിക്കാനാണ് കർഷകർക്ക് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം. അതേസമയം, പ്രതിരോധ കുത്തിവെപ്പിലൂടെ ചർമമുഴ രോഗം നിയന്ത്രിക്കാൻ കഴിയുമെന്ന് തോടന്നൂർ വെറ്ററിനറി സർജൻ സുനിൽ കുമാർ അറിയിച്ചു.
തോടന്നൂർ ബ്ലോക്കിൽ നാലു പഞ്ചായത്തുകൾക്ക് ഒരു സ്ഥിരം വെറ്ററിനറി സർജനാണുള്ളത്. മറ്റു പഞ്ചായത്തുകളിലെ മൃഗാശുപത്രികളിൽ അധിക ചുമതലയുള്ള ഡോക്ടർമാർ ആഴ്ചയിൽ ഒരുദിവസമാണ് എത്തുന്നത്.
മൃഗസംരക്ഷണ കണക്ക് പ്രകാരം മിക്ക പഞ്ചായത്തുകളിലും രണ്ടായിരത്തിലധികം പശുക്കളുണ്ട്. ആവശ്യമായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാകാതെ മേഖലയിൽ ചികിത്സയും, പ്രതിരോധ കുത്തിവെപ്പും താളം തെറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.