ആയഞ്ചേരി: പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർ നൽകിയ നാശനഷ്ടക്കണക്ക് യഥാസമയം മേൽഘടകത്തിൽ അറിയിക്കാത്തതിനാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചില്ല.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ആയഞ്ചേരി പഞ്ചായത്തിൽ ഏക്കർകണക്കിന് കൃഷി നശിച്ചിരുന്നു.
നൂറോളം കർഷകർക്ക് ലക്ഷങ്ങളുടെ കൃഷിനാശമാണ് സംഭവിച്ചത്. കൃഷിനാശം യഥാസമയം കർഷകർ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഉന്നത ഉദ്യോഗസ്ഥസംഘം നാശനഷ്ടങ്ങൾ കണക്കാക്കുകയും ചെയ്തിരുന്നു.
ഏപ്രിലിൽ ലഭിച്ച നാശനഷ്ട കണക്ക് ആയഞ്ചേരി കൃഷി ഓഫിസിൽനിന്ന് യഥാസമയം വെബ്സൈറ്റ് വഴി മേൽ ഉദ്യോഗസ്ഥർക്ക് അയക്കാത്തതുകൊണ്ടാണ് നഷ്ടപരിഹാരം ലഭിക്കാതെ പോയതെന്ന് കർഷകർ പരാതിപ്പെടുന്നു. തൊട്ടടുത്ത പഞ്ചായത്തുകളിൽ രണ്ടാം ഗഡു നഷ്ടപരിഹാരം ലഭിച്ചുകഴിഞ്ഞിട്ടും ആയഞ്ചേരിയിലെ കർഷകർക്ക് നിരാശയാണ് ഫലം.
കൃഷിവകുപ്പ് ജില്ലയിലെ കൃഷിനാശം സംഭവിച്ച മുഴുവൻ കർഷകർക്കും 27 കോടി നഷ്ടപരിഹാര തുക വിതരണം ചെയ്തു എന്ന പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസറുടെ പ്രസ്താവനയെ തുടർന്നാണ് കർഷകർ ആയഞ്ചേരി കൃഷിഭവനുമായി ബന്ധപ്പെട്ടത്.
കൃഷി ഓഫിസറിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കൃഷിനാശവുമായി ബന്ധപ്പെട്ട് കണക്ക് യഥാസമയം ലഭിക്കാത്തതുകൊണ്ടാണ് ഇൻഷുർ ഉൾപ്പെടെയുള്ള നഷ്ടപരിഹാര തുക ലഭിക്കാതെ പോയത് എന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ആയഞ്ചേരിയിലെ യുവകർഷകനായ കാട്ടുപന്തലിൽ അബ്ദു റഹ്മാെൻറ നേതൃത്വത്തിലുള്ള കർഷകരുടെ സംഘം ജില്ല കലക്ടർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ, കൃഷിവകുപ്പ് െഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഏപ്രിലിൽ അയക്കേണ്ട കൃഷിനാശവുമായി ബന്ധപ്പെട്ട കണക്ക് കഴിഞ്ഞ മാസമാണ് ആയഞ്ചേരിയിൽനിന്ന് അയച്ചത് എന്ന് കർഷകർ ആരോപിച്ചു.
എന്നാൽ, പഞ്ചായത്തിലെ കൃഷിനാശവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും യഥാസമയം മേലുദ്യോഗസ്ഥൻമാർക്ക് കൈമാറിയെന്ന് ആയഞ്ചേരി കൃഷി ഓഫിസർ നൗഷാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.