കോഴിക്കോട്: കോതി തീരദേശ പാതയോടുചേർന്ന് നിർമിച്ച ഓപൺ ജിമ്മിലെ ഉപകരണങ്ങൾ ഉദ്ഘാടനത്തിന് മുമ്പുതന്നെ പൊട്ടിവീഴുന്നു. വെള്ളിയാഴ്ച രാവിലെ വ്യായാമം ചെയ്യുന്നതിനിടെ ഉപകരണം തകർന്ന് യുവാവ് നിലത്തുവീണെങ്കിലും ഭാഗ്യത്തിന് പരിക്കേറ്റില്ല. സൈക്കിൾ ട്രാക്കിന് സമാന്തരമായി 15 ഭാഗങ്ങളിൽ സ്ഥാപിച്ച 30 ഉപകരണങ്ങളിൽ രണ്ടെണ്ണമാണ് തകർന്നുവീണത്. വീണ ഇരുമ്പ് ബാർ ബീച്ചിൽനിന്ന് മാറ്റിയിരിക്കുകയാണ്.
തകർന്ന മറ്റൊന്ന് ആളുകൾ ഉപയോഗിക്കാതിരിക്കാൻ കെട്ടിവെച്ചിരിക്കുകയാണ്. പാരലൽ ബാർ, മൾട്ടി ഫങ്ഷൻ ട്രെയിനർ, മൾട്ടി ചിൻഅപ്, മൾട്ടി ട്വിസ്റ്റർ തുടങ്ങിയ ഉപകരണങ്ങളിൽ കാലുകൾക്ക് ആയാസവും ശക്തിയും വർധിപ്പിക്കാനുള്ള ഉപകരണങ്ങളുടെ ചവിട്ടി നിൽക്കാനുള്ള ഇരുമ്പ് ബാറുകളാണ് തകർന്നത്.
വെൽഡിങ് പൊളിഞ്ഞ് ഇളകിമാറിയ നിലയിലാണ്. 12 വയസ്സുമുതൽ 65 വയസ്സ് വരെയുള്ള ആളുകൾക്ക് വ്യായാമം ചെയ്യാവുന്ന ഉപകരണമാണിത്. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും കടപ്പുറത്ത് പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളടക്കം നിരവധിപേരാണ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. ഉദ്ഘാടനം കഴിയുന്നതിനുമുേമ്പ തകർന്നവയുടെ തകരാറുകൾ പരിഹരിക്കുമെന്ന് കരാറുകാർ അറിയിച്ചു.
അടിച്ചുയരുന്ന തിരമാലയും ഉപ്പുകാറ്റും കടലാക്രമണവും ഇരുമ്പിൽ തീർത്ത ഉപകരണങ്ങൾക്ക് പ്രശ്നമാണ്. തൊട്ടടുത്ത് കഴിഞ്ഞ വർഷം ഉദ്ഘാടനം കഴിഞ്ഞ സൈക്കിൾ ട്രാക്കിനും തിരകൾ പ്രശ്നമാണ്.
സൈക്കിൾ ട്രാക്കിനോട് ചേർന്ന് ഇരിപ്പിടങ്ങളും ഫുട്പാത്തുകളും ദീപങ്ങളും ഒരുക്കുന്ന പണിയും പുരോഗമിക്കുന്നു. ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് ട്രാക്ക് പണിതത്. 630 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ് സൈക്കിൾ ട്രാക്കിനുള്ളത്. കോതി എം.കെ റോഡ് ക്രോസ് മുതൽ പള്ളിക്കണ്ടി വരെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ട്രാക്കിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു. പലയിടത്തും വിള്ളലുകളുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.