ബേപ്പൂർ: വിദ്യാർഥിയെ സ്കൂളിൽ വെച്ച് ക്രൂരമായി മർദിച്ച സംഭവത്തിന്റെ പരാതിയിന്മേൽ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി വൈകുന്നതായി ആക്ഷേപം. മീഞ്ചന്ത ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ ഹംസ ഫാരിസിനെ (15) സഹപാഠി ക്രൂരമായി മർദിച്ചത് കഴിഞ്ഞ ഡിസംബർ രണ്ടിനാണ്.
വൈകീട്ട് നാലുമണിക്ക് സ്കൂളിന്റെ പിൻവശമുള്ള ശുചിമുറിയിലേക്ക് പോകുമ്പോൾ പിന്നിലൂടെ വന്ന സഹപാഠി കൈക്ക് കടിക്കുകയും കൈപിടിച്ചു തിരിച്ചൊടിക്കുകയും ചെയ്തു. കൈയെല്ലുപൊട്ടി നിലത്തുവീണ വിദ്യാർഥിയെ വീണ്ടും മർദിച്ചവശനാക്കി.
ഓടിക്കൂടിയ മറ്റു വിദ്യാർഥികളുടെ പിടിച്ചുമാറ്റാനുള്ള ശ്രമം സംഭവസ്ഥലത്തുണ്ടായിരുന്ന ആക്രമിച്ച വിദ്യാർഥിയുടെ പിതാവ് തടഞ്ഞെന്നാണ് ആരോപണം. ബഹളം കേട്ട് ഓടിയെത്തിയ അധ്യാപകരാണ് മർദനം തടഞ്ഞത്. മർദനത്തിൽ അവശനായ വിദ്യാർഥിയെ പിന്നീട് ക്ലാസ് റൂമിൽ കൊണ്ടുപോയി കിടത്തി.
പരാതിയുമായി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ കുട്ടിയും മാതാവും ചെന്നപ്പോൾ പരാതി സ്വീകരിക്കാൻ തയാറായില്ല. മർദിച്ച കുട്ടിയുടെ പരാതിപ്രകാരം പൊലീസ് അരക്കിണറിലെ വീട്ടിൽ വന്ന് മൊഴിയെടുത്തെങ്കിലും മർദനമേറ്റ വിദ്യാർഥി പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തിയില്ലെന്നാണ് പറയപ്പെടുന്നത്.
പിന്നീട് മാതാവ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർ വീണ്ടും വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിപ്പോയെങ്കിലും തുടർനടപടിയായില്ല.
വലതു കൈക്ക് പ്ലാസ്റ്ററിട്ടതിനാൽ വിദ്യാർഥിക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതൽ സാധ്യമല്ല. സംഭവമറിഞ്ഞ് വിദേശത്തുള്ള പിതാവ് മൻസൂർ നാട്ടിലെത്തി പന്നിയങ്കര സ്റ്റേഷനിൽ ചെന്നെങ്കിലും പൊലീസുകാർ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.