കോഴിക്കോട്: ബേപ്പൂരിനെ പുതിയതായി പ്രഖ്യാപിച്ച മലബാർ ലിറ്റററി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തിയതും കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ഐസോലേഷൻ വാർഡിനായി പണം അനുവദിച്ചതുമാണ് െവള്ളിയാഴ്ച മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലക്കുള്ള രണ്ട് പ്രധാന പദ്ധതികൾ. ഇതോടൊപ്പം തീരമേഖലക്ക് പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണവും ജില്ലക്ക് കിട്ടും.
കൊല്ലം ജില്ലയിൽ ജൈവ വൈവിധ്യ സർക്യൂട്ടിനൊപ്പമാണ് ബേപ്പൂരിനെ ഉൾപ്പെടുത്തി സാഹിത്യ സർക്യൂട്ട് പ്രഖ്യാപിച്ചത്. രണ്ടിനും 50 കോടിരൂപയാണ് വകയിരുത്തിയത്. തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയുള്ള ടൂറിസം സർക്യൂട്ടാണ് പ്രഖ്യാപിച്ചത്.
ബഷീറിെൻറ വീടും നഗരസഭ നിർമിക്കുന്ന ബഷീർ സ്മാരകവും ബേപ്പൂരിലാണ്. സാഹിത്യത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്നവിധമാവും പദ്ധതി. കേരളത്തിെൻറ സംസ്കാരം അറിയാനാവുംവിധം ഈ മേഖലകളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വഴിയൊരുക്കാൻ ഗതാഗത സംവിധാനമൊരുങ്ങും. നിലവിലുള്ള റോഡുകളുടെ നവീകരണവും മറ്റ് വികസനങ്ങളും പ്രതീക്ഷിക്കാം. പ്രധാന കവലകളിലുള്ള തിരക്കിനെപ്പറ്റി പഠനം നടത്താനുള്ള പദ്ധതിയും ഗതാഗതക്കുരുക്കേറുന്ന കോഴിക്കോടിന് മുതൽക്കൂട്ടാവും.
കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ തീരമേഖലയുള്ള ജില്ലയാണ് കോഴിക്കോട്. ഇപ്പോഴുള്ള തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യ വിപണികളുടെയും നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ 11,000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
ജില്ലയിൽ കടലാക്രമണ ഭീതിയിലാണ്ട തീരത്തിന് ഫലപ്രദമായ പദ്ധതികൾ ഇതുവഴിയുണ്ടാവുമെന്നാണ് പ്രതീക്ഷ. ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജിെൻറ ഗുണഫലങ്ങൾ ജില്ലയിലും പ്രതിഫലിക്കും.
കുടുംബാരോഗ്യ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ശക്തിപ്പെടുത്താനുള്ള നടപടികളെയും ജില്ല പ്രതീക്ഷയോടെ കാണുന്നു.
നാലു ശതമാനം പലിശനിരക്കിൽ വായ്പ ലഭ്യമായി തുടങ്ങുമെന്നത് മലയോരമേഖലയടക്കം ജില്ലയുടെ കാർഷിക മേഖലക്ക് പ്രതീക്ഷയേകി. നോർക്ക സെൽഫ് എംപ്ലോയ്മെൻറ് സ്കീം വഴി വായ്പയുടെ പലിശയിളവ് നൽകുന്നത് ജില്ലയിൽ ഏറെയുള്ള പ്രവാസികൾക്ക് ഗുണമാവുമെന്നാണ് പ്രതീക്ഷ.
ഡോ. ടി.എം. തോമസ് ഐസക്ക് നേരത്തെ അവതരിപ്പിച്ച 2021-22 ലേക്കുള്ള ബജറ്റ് നിർദേശങ്ങൾ അതേപടി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതിനാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലയിൽ 13 മണ്ഡലങ്ങളിലും പ്രഖ്യാപിച്ച എല്ലാ പദ്ധതികളും തുടരുമെന്നതും ആശ്വാസമാണ്. സാധാരണ പുതിയസർക്കാർ ബജറ്റിൽ ഭരണത്തുടർച്ചയില്ലാത്തതിനാൽ കഴിഞ്ഞ ബജറ്റിലെ പദ്ധതികളെല്ലാം മാറിമറിയാറാണ് പതിവ്.
കോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.തുറമുഖത്തിെൻറ ആഴം കൂട്ടാൻ 100 കോടിയുടെ വിശദ പദ്ധതി റിപ്പോർട്ട് കിറ്റ്കോ തയാറാക്കിയിട്ടുണ്ട്. ഇത് പരിശാധിച്ച് ഈ കൊല്ലം തന്നെ തുടർ പ്രവർത്തനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.