ബേപ്പൂർ: ബേപ്പൂരിൽനിന്ന് യു.എ.ഇയിലേക്ക് കപ്പൽ സർവിസ് ആരംഭിക്കുന്നതിനുള്ള തുടർനീക്കങ്ങൾ സജീവമാകുന്നു. കപ്പൽ സർവിസിന്റെ സാധ്യതകളെ സംബന്ധിച്ച് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ഈ രംഗത്തെ വിദഗ്ധരുമായി ബുധനാഴ്ച തിരുവനന്തപുരത്ത് ചർച്ച നടത്തും. അരിസ്റ്റോ ജങ്ഷനിലെ ഹോട്ടൽ ടെറസിൽ ഉച്ചക്ക് രണ്ടിനാണ് യോഗം.
മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയാണ് യോഗം വിളിച്ചിട്ടുള്ളത്. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധികളടക്കമുള്ളവരെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. കായംകുളത്ത് ഈ മാസം ഒമ്പതിന് കപ്പൽ കമ്പനി പ്രതിനിധികളുമായും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധികളുമായും ചർച്ച നടന്നിരുന്നു.
ഗൾഫ് സെക്ടറിലെ വിമാനയാത്രക്കാർക്കും പ്രവാസികൾക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നതിനാണ് ബേപ്പൂർ-യു.എ.ഇ കപ്പൽ സർവിസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വേഗതയേറിയത്. ഉയർന്ന ചാർജാണ് വിമാനക്കമ്പനികൾ ഗൾഫ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്.
ആഘോഷ നാളുകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്. ജൂൺ അവസാനത്തോടെ വേനലവധിക്ക് യു.എ.ഇയിലെ സ്കൂളുകൾ അടക്കും.
അതോടെ, കുടുംബങ്ങളൊന്നിച്ചുള്ള മടക്കംകാരണം നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വർധിക്കും. അതോടെ ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ തോന്നിയപോലെ വർധിപ്പിക്കും. കുട്ടികളുമൊന്നിച്ച് നാട്ടിലേക്കുള്ള യാത്രയിൽ ലക്ഷങ്ങളാണ് വിമാന ടിക്കറ്റിനത്തിൽ പ്രവാസികൾക്ക് ചെലവാകുന്നത്.
മലബാറിലെ യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ കടുത്ത നിലപാട് കാരണം പ്രവാസികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. വിമാന ഇന്ധനവില താഴേക്കുവരുന്ന ഘട്ടത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കൊള്ളയടിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് വകുപ്പുമന്ത്രിയുമായുള്ള ചർച്ചക്ക് ബന്ധപ്പെട്ടവർ വേഗത കൂട്ടിയത്.
ഗൾഫ് യാത്രാകപ്പൽ ആരംഭിക്കുന്നതിന് ചർച്ചകൾ തുടരുന്നതിനിടെ ബേപ്പൂർ തുറമുഖത്തെ കപ്പൽ ചാലുകളുടെ ആഴംകൂട്ടുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കപ്പൽ ചാലിന്റെ ആഴം വർധിപ്പിച്ചാൽ കൂടുതൽ കണ്ടെയ്നറുകൾ അടങ്ങിയ വലിയ ചരക്കുകപ്പലുകൾക്ക് തുറമുഖത്ത് പ്രവേശിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.