ബേപ്പൂർ: ബേപ്പൂർ-ചാലിയം ജങ്കാർ ഇടയ്ക്കിടെ സർവിസ് നിർത്തിവെക്കുന്നത് യാത്രക്കാർക്കും, ഇതുവഴി കടന്നുപോകുന്ന അന്തർജില്ല വാഹനങ്ങൾക്കും ദുരിതമാകുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച സർവിസ് സെപ്റ്റംബറിലാണ് പുനരാരംഭിച്ചത്. മുന്നറിയിപ്പില്ലാതെയും, മുൻകൂട്ടി അറിയിക്കാതെയും, ബദൽ സംവിധാനങ്ങൾ ഒരുക്കാതെയും സർവിസ് നിർത്തിവെക്കുന്നത് ജങ്കാറിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്.
പണവും,സമയവും ലാഭിക്കാനും നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടുന്നതിനും, ബേപ്പൂരിലും ചാലിയത്തുമെത്തുന്ന യാത്രക്കാരും വാഹനങ്ങളും, സർവിസില്ലാതാവുന്നതോടെ സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ ഏറെ സാമ്പത്തിക-സമയ നഷ്ടം സഹിക്കുകയാണ്. ഇതു കാരണം, ചാലിയത്തേക്കും ബേപ്പൂരിലേക്കുമുള്ള ജങ്കാർ യാത്രക്കാർ പത്ത് കിലോമീറ്ററിലധികം ഫറോക്ക് വഴി അധികയാത്ര ചെയ്യേണ്ടി വരുന്നു . കോഴിക്കോട് ടൗൺ, മാത്തോട്ടം, അരക്കിണർ നടുവട്ടം, മാറാട്, ബേപ്പൂർ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലുള്ളവർക്ക് കരുവൻതിരുത്തി, ചാലിയം, ചെട്ടിപ്പടി,താനൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പം എത്തിപ്പെടാനുള്ള മാർഗമാണ് ജങ്കാർ സർവിസ്. നിബന്ധനകൾ കർശനമായി പാലിക്കാമെന്ന ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത് 'കൊച്ചിൻ ജങ്കാർ സർവിസ്' കമ്പനിക്ക് സർവിസ് നടത്താനുള്ള അനുമതി നൽകിയത്.
എന്നാൽ ജങ്കാറിെൻറ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടിയതിനാലാണ് സർവിസ് നിർത്തിവെക്കാൻ ഇടയായതെന്നും, റിപ്പയറിങ്ങിന് അനുയോജ്യമായ യാർഡ് ബേപ്പൂരിൽ ഇല്ലാത്തതിനാൽ വേലിയിറക്ക സമയത്ത് മാത്രം, റിപ്പയറിങ് ജോലികൾ നടത്തിയതിനാലാണ് നിർത്തി വെച്ച സർവിസ് പുനരാരംഭിക്കാൻ വൈകിയതെന്നും ജങ്കാറിെൻറ സൂപ്പർവൈസർ ജിസാൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് വേണ്ടത്ര ജാഗ്രത കാണിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. നവീന രീതിയിലുള്ള പുത്തൻ ജങ്കാർ ഏത് കാലാവസ്ഥയിലും മുടക്കമില്ലാതെ സർവിസ് നടത്താനാകുമെങ്കിലും, അധികൃതർ ഈ വിഷയത്തിൽ താൽപര്യം കാണിക്കാത്തതാണ് പ്രശ്നമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.