ബേപ്പൂർ: ബേപ്പൂരിലെ രണ്ട് സിനിമശാലകളും ഓർമയായി. ബി.സി റോഡ് ജങ്ഷനു സമീപത്തെ ഷാജി ടാക്കീസും ബേപ്പൂർ റോഡിലെ മാത്തോട്ടം വിജിത്ത് ടാക്കീസും പ്രദർശനം അവസാനിപ്പിച്ച് ഗോഡൗണുകളും പാർക്കിങ് ഏരിയയുമാക്കി. ഷാജി ടാക്കീസ് പ്ലൈവുഡ് ഗോഡൗണായി വാടകക്ക് കൊടുത്തു.
വിജിത്ത് ടാക്കീസ് ഗോഡൗണിനും വാഹന പാർക്കിങ്ങിനും നൽകിയിരിക്കുകയാണ്. ബേപ്പൂർ കോമത്ത് ബാലന്റെ ഉടമസ്ഥതയിൽ അമ്പതു വർഷം മുമ്പ് തുടങ്ങിയതാണ് ഷാജി ടാക്കീസ്. പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് ടാക്കീസ് ഗോഡൗണിനായി വാടകക്ക് നൽകാൻ തീരുമാനിച്ചതെന്ന് ഷാജി ടാക്കീസ് ഉടമ കോമത്ത് ബാലൻ പറഞ്ഞു. ബാലന്റെ ജ്യേഷ്ഠൻ പരേതനായ ഡോ. അശോകനായിരുന്നു ദീർഘകാലം ഷാജി ടാക്കീസിന്റെ മേൽനോട്ടം വഹിച്ചത്.
അദ്ദേഹത്തിന്റെ മൂത്തമകൻ ഷാജിയുടെ പേരാണ് ടാക്കീസിനിട്ടത്. 35ാം വയസ്സിൽ ഷാജി മരിച്ചു. ഷാജിക്ക് പിന്നാലെ ഷാജി ടാക്കീസും ഇനി ഓർമയിൽ മാത്രമായി. മുപ്പതു വർഷം മുമ്പാണ് കെ. രഘൂത്തമന്റെ ഉടമസ്ഥതയിൽ വിജിത്ത് ടാക്കീസ് തുടങ്ങിയത്. അടച്ചുപൂട്ടിയ വിജിത്ത് ടാക്കീസിന്റെ ഉടമ കെ. രഘൂത്തമൻ മകൻ വിജിത്തിന്റെ പേരാണ് ടാക്കീസിനിട്ടത്.
സമീപപ്രദേശങ്ങളായ മീഞ്ചന്തയിലെ രാജ ടാക്കീസും കല്ലായിയിലെ ലക്ഷ്മി ടാക്കീസും മുമ്പേ അടച്ചുപൂട്ടിയതാണ്. ഇനി ബേപ്പൂരിലുള്ളവർക്ക് സിനിമ കാണണമങ്കിൽ രാമനാട്ടുകരയിലോ ഫറോക്കിലോ കോഴിക്കോട് നഗരത്തിലെ തിയറ്ററുകളിലോ എത്തണം. ബേപ്പൂരിൽ ഇപ്പോഴത്തെ ജങ്കാർ ജെട്ടിക്ക് സമീപം 1964ൽ കോഴിക്കോട്ടുകാരായ അബു, ആലി, കോയ എന്നിവർ ആരംഭിച്ച ബുലിയ ടാക്കീസാണ് ആദ്യ സിനിമ ടാക്കീസ്.
ബുലിയയിൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ‘നീലക്കുയിൽ’, സത്യനും പ്രേംനസീറും ഒന്നിച്ചഭിനയിച്ച ‘ഓടയിൽ നിന്ന്’ തുടങ്ങിയ സിനിമകൾ ദിവസങ്ങളോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചിരുന്നത് നാട്ടുകാർ ഓർക്കുന്നു. ഏതാനും മീറ്റർ അകലത്തിൽ ബേപ്പൂർ വലിയ ജുമുഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിനാൽ സിനിമ ടാക്കീസ് അനുയോജ്യമല്ലെന്നുകണ്ട് 1968ൽ പൊളിച്ചുമാറ്റിയതിനുശേഷം ഉരു നിർമാണത്തിന് സ്ഥലം വാടകക്ക് കൊടുക്കുകയായിരുന്നു.
നാട്ടുകാർക്കു പുറമേ, ബേപ്പൂർ തുറമുഖത്ത് ഓടങ്ങളിലും ഉരുക്കളിലും പായ്ക്കപ്പലുകളിലും എത്തിയിരുന്ന ദ്വീപ് നിവാസികളും കൂലിത്തൊഴിലിനെത്തിയിരുന്ന തമിഴ്നാട്ടുകാരും മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി വടക്കേ ഇന്ത്യൻ സംസ്ഥാനക്കാരായ പത്തേമാരികളിലെ ജീവനക്കാരും വാണിജ്യ ആവശ്യങ്ങൾക്കെത്തുന്നവരും ബേപ്പൂരിലെ ടാക്കീസുകളിൽ സിനിമ കാണാനെത്തുമായിരുന്നു. ഇവർക്കായി ഹിന്ദി, തമിഴ് ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.
ജനസാന്ദ്രതകൂടിയ ബേപ്പൂരിലെ ആളുകൾ ഈ ടാക്കീസുകളിൽ മാറ്റിനിയും വൈകീട്ട് ആറിനും രാത്രി ഒമ്പതിനും നടക്കുന്ന ഷോയും കണ്ട് പോകുന്നത് പ്രദേശത്തുകാർക്ക് പതിവ് കാഴ്ചയായിരുന്നു. രാത്രിയിലെ സെക്കൻഡ് ഷോ കഴിഞ്ഞ് കൂട്ടമായി നടന്നുപോകുമ്പോൾ സിനിമയിലെ കഥകൾ പറഞ്ഞ് രസിക്കുന്നത് പാതയോരങ്ങളിലെ വീടുകളിൽ കേൾക്കുമായിരുന്നു.
കോവിഡുകാല പ്രതിസന്ധിക്ക് പുറമേ, താരനിലവാരമുള്ള പടങ്ങൾ ഇറങ്ങാതിരുന്നതും ടി.വിയിൽ സിനിമ കാണാൻ ജനം വീടുകളിൽത്തന്നെ കഴിഞ്ഞുകൂടുന്നതും നഗരത്തിലെ തിയറ്ററുകൾ നവീകരിച്ചതുമൊക്കെയാണ് ടാക്കീസുകൾ അടക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.