ബേപ്പൂർ: ട്രോളിങ് നിരോധനം തുടങ്ങിയതോടെ മാർക്കറ്റുകളിൽ മീനിന് പൊരിഞ്ഞ വിലയാണ്. എല്ലാതരം മത്സ്യങ്ങൾക്കും പെട്ടെന്നാണ് വില കുതിച്ചുയർന്നത്. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മീൻ വളരെ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്.അയലക്ക് കിലോഗ്രാമിന് 250 രൂപയിലേറെ വില.
തൊട്ടുപിന്നാലെ മത്തിക്കും വിലകൂടി. അയക്കൂറക്ക് ആഴ്ചകളായി ആയിരത്തിലേറെയാണ് വില. നെയ്മീൻ, ആവോലി എന്നിവക്ക് 700 രൂപയാണ് വില. ചെമ്മീനിനും വില കൂടിയിട്ടുണ്ട്. ചെമ്പല്ലി, കോര എന്നിവയും 400-500 രൂപ വരെയാണ് വില. ചെറുമീനായ നെത്തലിന് 200 രൂപ വരെയായിട്ടുണ്ട്. മത്സ്യത്തിന്റെ ഓൺലൈൻ വിപണിയിൽ വില ഇതിലും ഏറെയാണ്.
ട്രോളിങ് നിരോധനം കാരണം മീൻവരവ് കുറഞ്ഞതിനാൽ കൂടിയ വിലക്കാണ് ലേലത്തിൽ പോകുന്നത്. മീൻ വരവ് കുറഞ്ഞതും വിപണിയിൽ വില കൂടുന്നതിനാലും വ്യാപാരികളും പ്രതിസന്ധിയിലാണ്. കടൽ മീനുകൾക്ക് വില കൂടിയതോടെ പുഴ മീനുകൾക്കും വില കുത്തനെ കൂടിയിട്ടുണ്ട്.
പ്രാദേശികമായി കുളങ്ങളിൽ നിന്നും ചെറുപുഴകളിൽ നിന്നും പിടിക്കുന്ന പുഴമീനുകൾ ആവശ്യകത കാരണം അവിടെ തന്നെ വിറ്റുപോവുകയാണ്. കഴിഞ്ഞമാസംവരെ തുടർന്ന കനത്ത ചൂട് കാരണമാണ് മത്സ്യലഭ്യതയിൽ കുറവുണ്ടായതെന്ന് പരമ്പരാഗത മീൻപിടിത്ത തൊഴിലാളികൾ പറഞ്ഞു. മത്സ്യലഭ്യത കുറയുന്ന അവസരത്തിൽ കേരളത്തിലെ ഉയർന്ന വിപണന സാധ്യത മുന്നിൽകണ്ട്, അയൽ സംസ്ഥാനങ്ങളിൽനിന്ന് പഴയ മത്സ്യങ്ങളെത്തിച്ചുള്ള വിൽപനയും വ്യാപകമാണ്.
തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിൽനിന്നാണ് പഴകിയ മീനുകളെത്തുന്നത്. രാസദ്രാവകങ്ങൾ ചേർത്ത ഇത്തരം മത്സ്യങ്ങൾ വഴിയോരങ്ങളിലും പെട്ടി ഓട്ടോറിക്ഷകളിലുമായി വിറ്റഴിക്കുന്നു. മായം കലർന്ന മത്സ്യങ്ങൾ മാർക്കറ്റിലെത്തുന്നത് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം ജാഗ്രത കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വേനലിൽ ശീതീകരണ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാത്തതിനാൽ ചീഞ്ഞ മീനും വ്യാപകമായെത്തിച്ച് മാർക്കറ്റുകളിൽ ധാരാളം വിറ്റഴിക്കുന്നുണ്ട്. മീനുകൾ മണലിൽ പൊതിഞ്ഞ് പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തുന്ന കച്ചവടക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.