ബേപ്പൂർ: ബാങ്കിൽ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ അടച്ചുതീർത്തതിനുശേഷം, വില്ലേജ് ഓഫിസിൽനിന്ന് ജപ്തി നോട്ടീസ് കിട്ടിയ കുടുംബം ആശങ്കയിൽ. ബേപ്പൂർ കയർ ഫാക്ടറിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ‘ഐഷാസ്’ വീട്ടിലെ പാലക്കൽ പറമ്പ് കെ.പി. മുഹമ്മദ് ഷാഫിക്കും ഭാര്യ മൈമൂനക്കുമാണ് ബേപ്പൂർ വില്ലേജ് ഓഫിസിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടുവട്ടം ബ്രാഞ്ചിൽനിന്ന് മുഹമ്മദ് ഷാഫിയുടെ മകൻ സുഹൈൽ മുഹമ്മദിന് വേണ്ടി 2013 ജനുവരിയിൽ വിദ്യാഭ്യാസ ലോൺ എടുത്തിരുന്നു. കാലാവധിയായ 2021ൽ പലിശയടക്കം മുഴുവൻ തുകയും അടച്ചു തീർക്കുകയും ബാങ്കിൽനിന്ന് ‘ലോൺ ക്ലോസർ ലെറ്റർ’ ലഭിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ ദിവസം ബേപ്പൂർ വില്ലേജ് ഓഫിസിൽനിന്ന് റവന്യൂ റിക്കവറി നടപടികൾക്കുള്ള നോട്ടീസുമായി വില്ലേജ് ജീവനക്കാരൻ വീട്ടിൽ എത്തിയപ്പോഴാണ് കുടുംബം അമ്പരന്നത്. 4,32,000 ഉറുപ്പികയും ജപ്തി ചെലവും ഉടനടി നൽകിയില്ലെങ്കിൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ മൈമൂനയുടെ പേരിലുള്ള സ്വത്തുക്കൾ കൈവശപ്പെടുത്തി പൊതുലേലത്തിന് വെക്കുമെന്നാണ് നോട്ടീസിൽ വിവരിച്ചിട്ടുള്ളത്.
ബാങ്കിന്റെ നിരുത്തരവാദ സമീപനത്തിൽ തനിക്കും കുടുംബത്തിനുമുണ്ടായ മാനസിക പ്രയാസത്തിന്, ജപ്തി നോട്ടീസ് പുറപ്പെടുവിച്ച കോഴിക്കോട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്കും ബേപ്പൂർ വില്ലേജ് അധികൃതർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടുവട്ടം ബ്രാഞ്ചിനും എതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് ഷാഫി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.