ബേപ്പൂർ: അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തി തൊഴിലാളിയുടെ കൈവിരലിന് വെട്ടിപ്പരിക്കേൽപിച്ച് പണം കവർന്ന കേസിലെ രണ്ട് പ്രതികൾ പിടിയിലായി.
ബേപ്പൂർ സ്വദേശി പൂണാർ വളപ്പ് ചെരക്കോട്ട് ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (33), കൊണ്ടോട്ടി സ്വദേശി അബ്ദുൽ ഖാദർ (42) എന്നിവരാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായിട്ടുള്ള ഷാഹുൽ ഹമീദ് കഴിഞ്ഞവർഷവും സമാനമായ കുറ്റകൃത്യം നടത്തിയതിന് ബേപ്പൂർ പൊലീസിന്റെ പിടിയിലായിരുന്നു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്ന ഷാഹുൽ ഈയിടെയാണ് ജയിൽ മോചിതനായത്.
അതിഥിത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപിച്ച് കവർച്ച നടത്തിയ സംഭവത്തിൽ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നതിനിടെ കൂട്ടുപ്രതി അബ്ദുൽ ഖാദറിനെ പിടികൂടുകയും ചോദ്യംചെയ്തപ്പോൾ ഷാഹുലുമൊത്താണ് കുറ്റം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു.
തുടർന്ന് ഷാഹുലിനായി അന്വേഷണം നടത്തിയെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. തുടർന്ന് കൊണ്ടോട്ടി പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടിയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസും അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ ബേപ്പൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷുഹൈബ്, എ.എസ്.ഐമാരായ ലാലു, ദീപ്തി ലാൽ, സീനിയർ സി.പി.ഒമാരായ ജിതേഷ്, സജേഷ്, സി.പി.ഒ നിധിൻരാജ്, സ്പെഷൽ ആക്ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.