ബേപ്പൂർ: വാഹനത്തിരക്കേറിയ ബേപ്പൂർ റോഡിലെ മാത്തോട്ടം റെയിൽവേ മേൽപാലത്തിന് മുകളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ഇരുചക്രവാഹനങ്ങൾക്കും യാത്രക്കാർക്കും അപകടഭീഷണി സൃഷ്ടിക്കുന്നു. നഗരത്തിൽ ജനങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളായ ബേപ്പൂർ, മാറാട്, ഗോതീശ്വരം ഭാഗങ്ങളിലേക്ക് മേൽപാലം വഴി യാത്രചെയ്താണ് എത്തിച്ചേരുക.
മീഞ്ചന്ത-ചെറുവണ്ണൂർ ദേശീയപാതയിൽ സ്ഥിരമായുള്ള വാഹനക്കുരുക്കിൽനിന്ന് രക്ഷനേടാൻ ബേപ്പൂർ ബി.സി റോഡ് വഴി ചുറ്റിവരുന്ന വാഹനങ്ങളും ഈ മേൽപാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
മേൽപാലത്തിനോട് ചേർന്നുള്ള ഇടുങ്ങിയ വളവിലൂടെ തിരിഞ്ഞ് സർവിസ് റോഡിലേക്ക് കടന്നാണ്, മാറാട്-ഗോതീശ്വരം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത്. ഇതുകാരണം മേൽപാലത്തിന്റെ തെക്കുഭാഗം മാത്തോട്ടം അങ്ങാടിയും ഗതാഗതക്കുരുക്കിലകപ്പെടും.
മേൽപാലത്തിൽ രാത്രികാലത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കടുത്ത ഭീഷണിയാണ്. വലിയ വാഹനങ്ങൾ ഇരുചക്രവാഹനങ്ങളെ മറികടക്കുമ്പോഴും, എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ തീവ്രതയുള്ള പ്രകാശത്താലും ചെറിയ വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചും, നടപ്പാതകളിൽ തട്ടി മറിയുന്നതും ഇവിടെ സാധാരണയാണ്.
മേൽപാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി 42 തെരുവുവിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയാകട്ടെ, പ്രകാശം കുറഞ്ഞ എൽ.ഇ.ഡി വിളക്കുകളുമാണ്. ദിവസങ്ങളായി പ്രകാശിക്കാത്ത വിളക്ക് കാലുകൾ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. തെരുവുവിളക്കുകൾ എത്രയും പെട്ടെന്ന് പ്രവർത്തനയോഗ്യമാക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.