ബേപ്പൂർ: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേപ്പൂർ, ചാലിയം തുറമുഖം കേന്ദ്രീകരിച്ച് കടലിൽ നിരാഹാരം അനുഷ്ഠിച്ചു. കടലും തീരവും കോർപറേറ്റുകളിൽനിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോക മത്സ്യത്തൊഴിലാളി ദിനമായ നവംബർ 21ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ കടലിൽ നിരാഹാരസമരം നടത്തിയതിന്റെ ഭാഗമായാണ് ജില്ലയിലും നടന്നത്.
സമരം പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ സുബ്രഹ്മണ്യൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ റാസിഖ് മുഖദാർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലൂ ഇക്കണോമിയുടെ ഭാഗമായി കടലും കരയും കോർപറേറ്റുകൾക്ക് തുറന്നുകൊടുക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾ മീൻപിടുത്ത സമൂഹത്തെ തൊഴിലിടങ്ങളിൽനിന്ന് ഇറക്കിവിടുന്നതാണ്. ഇതിനെതിരെയുള്ള തുടർപ്രക്ഷോഭങ്ങളുടെ ഭാഗമാണ് കടലിലെ നിരാഹാരം. വിഴിഞ്ഞം പദ്ധതി നിർത്തിവെച്ച് പഠനം നടത്താൻ സർക്കാർ തയാറാകണം.
അസീസ് കപ്പക്കൽ അധ്യക്ഷത വഹിച്ചു. എം. നാസർ ചാലിയം, പി. റഹ്മത്തുല്ല, ടി.കെ. സൈതലവി, കെ.വി. അഷ്‌റഫ്, ഇ.കെ. സൈതാലിക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.