ബേപ്പൂർ: ഗൾഫിലേക്ക് വിസ വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത ഒരാളെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തില്ലങ്കേരി കാവുംപടി സ്വദേശിയായ കരിന്ത ഹൗസിൽ തായത്ത് അലിയാണ് (56) പിടിയിലായത്. 2022 ഒക്ടോബറിൽ ബേപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതി അറസ്റ്റിലായത്.
കോവിഡ് സമയത്ത് ഗൾഫിലെ സെക്യൂരിറ്റി ജോലി നഷ്ടപ്പെട്ട ബേപ്പൂർ സ്വദേശി സത്യേന്ദ്രന്‍ ദുബൈയിലേക്ക് പുതിയ വിസ നൽകാമെന്ന് പറഞ്ഞ് 80,000 രൂപ വിസക്കും ടിക്കറ്റിനുമായി കൈക്കലാക്കുകയായിരുന്നു. യാത്ര പുറപ്പെടുന്നതിനുമുമ്പ് ട്രാവൽ ഏജൻസിയിൽ ടിക്കറ്റ് പരിശോധിച്ചപ്പോൾ വ്യാജ വിസയും ടിക്കറ്റുമാണ് പ്രതി നൽകിയതെന്ന് മനസ്സിലായി.
ബേപ്പൂർ സ്വദേശികളായ വേറെയും രണ്ടു യുവാക്കളെ വിസ തരാമെന്നു പറഞ്ഞു പ്രതി പണംവാങ്ങി കബളിപ്പിച്ചതായി പരാതിയുണ്ട്. ഫറോക്കിലും നിലമ്പൂരിലും ഉൾപ്പെടെ 30ലധികം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂരിൽ എട്ട് കേസുകളും കാസർകോട് ആറു കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
അടിമാലി, തമ്പാനൂർ, എറണാകുളം, സുൽത്താൻ ബത്തേരി, കൽപറ്റ തുടങ്ങിയ സ്റ്റേഷനുകളിൽ ചെക്ക് കേസും വാറന്റും നിലവിലുണ്ട്. കബളിപ്പിക്കപ്പെട്ടവർ ഫോണിൽ ബന്ധപ്പെട്ടാൽ, താൻ ദുബൈയിലാണെന്നും വേണമെങ്കിൽ കേസ് കൊടുത്തോളൂ എന്നുമാണ് ഇദ്ദേഹം മറുപടി പറയുക. ഈ ആറിന് ദുബൈയിൽനിന്ന് ബംഗളൂരു വഴി കോഴിക്കോട്ടെത്തിയ പ്രതിയെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ബുധനാഴ്ച രാത്രി മീഞ്ചന്തയിലെ ഭാര്യവീട്ടിൽവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ദുബൈയിൽ ഏറെക്കാലം ജോലിചെയ്ത പ്രതി നാട്ടിലെത്തിയാൽ കാസർകോട്ട് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ വേറെ വിവാഹം ചെയ്ത് കോഴിക്കോട് മീഞ്ചന്തയിലാണ് താമസം. വിദേശത്തും നാട്ടിലുമുള്ള വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്.
ഓൾ കേരള ഹജ്ജ് വെൽഫെയർ കമ്മിറ്റി സംസ്ഥാന അധ്യക്ഷൻ എന്നപേരിൽ ഹജ്ജിന് ഗവൺമെൻറിൽനിന്ന്, വലിയ ശതമാനം കിഴിവ് വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതി മൂന്നുതവണ ജയിൽശിക്ഷ അനുഭവിച്ചതാണ്.
ബേപ്പൂർ സി.ഐ ബിശ്വാസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ കെ. ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.