ബേപ്പൂർ: ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനു പോയ 'ചെറാട്ടൽ' ബോട്ടിൽനിന്ന് കടലിൽ തെറിച്ചുവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകര സ്വദേശി സിദ്ദീഖിെൻറ (57) മൃതശരീരം, തിങ്കളാഴ്ച വൈകീട്ട് പൊന്നാനി ഭാഗത്തെ കടലിൽനിന്ന് തിരച്ചിലിനിടെ കണ്ടെത്തുകയായിരുന്നു.
ഈ മാസം എട്ടിന് ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിനു പോയ ബോട്ട്, കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ എറണാകുളം മുനമ്പം ഭാഗത്ത് ട്രോളിങ് നടത്തവേ മറ്റൊരു ബോട്ടിെൻറ വല കൊളുത്തിയാണ് അപകടമുണ്ടായത്. കാണാതായ മത്സ്യത്തൊഴിലാളിക്കുവേണ്ടി തിരച്ചിൽ ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂർ മത്സ്യബന്ധന തുറമുഖ ആക്ഷൻ കമ്മിറ്റി ചെയർമാൻ കരിച്ചാലി പ്രേമെൻറ നേതൃത്വത്തിൽ ടൂറിസം-തദ്ദേശസ്വയംഭരണ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിച്ചിരുന്നു.
തുടർന്ന് തിങ്കളാഴ്ച രാവിലെ പൊന്നാനി ഹാർബറിലെ 15 ബോട്ടുകൾക്ക് സർക്കാർ ചെലവിൽ ഇന്ധനം നൽകിയതിനെത്തുടർന്ന് തിരച്ചിൽ ഊർജിതമാക്കി. പൊന്നാനിയിലെ സജാദ്, കോയ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയ 'ബീവി' എന്ന ബോട്ടുകാർക്കാണ് മൃതദേഹം ലഭിച്ചത്. കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബേപ്പൂരിൽ എത്തിച്ച് ഖബറടക്കും.ഭാര്യ: സക്കീന. മക്കൾ: നംഷീദ്, നസീഫ്, നിയാസ്, നാസിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.