ബേപ്പൂർ: തുറമുഖ ആവശ്യങ്ങൾക്കായി അത്യാധുനിക ടഗ്ഗ് പുതുതായി കമീഷൻ ചെയ്യുന്നതോടെ വ്യവസായ വാണിജ്യ-ഉൽപാദന മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യബന്ധന വ്യവസായങ്ങളുടെ വളർച്ചക്കും തുറമുഖ വികസനം സഹായിക്കും. തുറമുഖത്തെ ഷിപ്പിങ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ബേപ്പൂർ തുറമുഖത്ത് കമീഷൻ ചെയ്ത 'മിത്ര' ടഗ്ഗ് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുറമുഖ വികസന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായിരുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തി.
3.26 കോടി രൂപ വീതം ചെലവഴിച്ചാണ് ധ്വനി, മിത്ര എന്നീ രണ്ട് ടഗ്ഗുകൾ നിർമിച്ചത്. ഇതിൽ ഒരെണ്ണം കൊല്ലം തുറമുഖത്തും മറ്റൊന്ന് ബേപ്പൂർ തുറമുഖത്തുമാണ് കമീഷൻ ചെയ്യുന്നത്. അഞ്ചു ടൺ ബുള്ളാർഡ് കപ്പാസിറ്റി ഉള്ളതും ഇടത്തരം കപ്പലുകളെ തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും ടഗ്ഗ് സഹായകമാണ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ്ങിെൻറ മേൽനോട്ടത്തിൽ നിർമിച്ച ടഗ്ഗിൽ കടൽസഞ്ചാരത്തിന് അനുയോജ്യമായ എല്ലാവിധ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് ഇവ ഒരു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, സീനിയർ പോർട്ട് കൺസൽട്ട് മനോജ്കുമാർ, ജൂനിയർ സൂപ്രണ്ട് അബ്ദുൽ മനാഫ്, അജിനേഷ് മാടങ്കര, പി. അനിത, അഡ്വ. വി.ജെ. മാത്യു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.