ബേപ്പൂർ: ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട് ഒളിവിൽ പോയ ബേപ്പൂർ പള്ളിത്തൂമ്പ് പറമ്പ് കെ.പി. മുഫീദ് (22) ബേപ്പൂർ പൊലീസിന്റെ പിടിയിലായി. നല്ലനടപ്പ് ബോണ്ട് വെച്ച് ജാമ്യം അനുവദിക്കുന്നതിനായി പൊലീസ് കോടതിയിൽ റിപ്പോർട്ട് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ സബ്ഡിവിഷൻ മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് ഒരുവർഷത്തെ ജാമ്യം അനുവദിച്ചിരുന്നു.
കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി വ്യവസ്ഥകൾ ലംഘിച്ച് നവംബർ മാസത്തിൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെടുകയും പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോവുകയും ചെയ്തു. ഇതോടെയാണ് പ്രതിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബേപ്പൂർ, മാറാട്, കോഴിക്കോട്ടെ മറ്റു സ്റ്റേഷനുകളിലും എം.ഡി.എം.എ, കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് ബേപ്പൂർ പൊലീസ് അറിയിച്ചു.
അരലക്ഷം രൂപ കെട്ടിവെച്ച് ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം വിവാഹ വീട്ടിലെത്തി അക്രമം നടത്തി ഒളിവിൽ പോയ പ്രതി രഹസ്യമായി വീട്ടിലെത്തിയ വിവരം ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐമാരായ കെ. ഷുഹൈബ്, സി. ജയരാജൻ, സി.പി.ഒമാരായ അനൂപ്, നിദിൻ, മഹേഷ്, ആസിഫ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ എല്ലാ ജാമ്യവും കോടതി റദ്ദാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.