ബേപ്പൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ 52 ദിവസത്തെ ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ അവസാനിക്കും. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങൾ. മൺസൂൺകാലത്തെ മത്സ്യങ്ങളുടെ പ്രജനനത്തിനും മത്സ്യക്കുഞ്ഞുങ്ങളുടെ സ്വതന്ത്രമായ വളർച്ചക്കും കടൽമത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും 1987ലാണ് കേരളസർക്കാർ ഡോ. വി. ബാലകൃഷ്ണൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രോളിങ് നിരോധനം നടപ്പിലാക്കിത്തുടങ്ങിയത്.
തിങ്കളാഴ്ച രാത്രി 12 മണി ആവുന്നതോടെ ജില്ലയിലെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളിൽ തയാറായി നിൽക്കുന്ന ബോട്ടുകൾ കടലിലേക്ക് കുതിക്കും. ട്രോളിങ് നിരോധനാനന്തരം കടലിൽ പോകുന്നതിന് ആവശ്യമായ ഡീസൽ നിറയ്ക്കൽ, ഐസ്, വെള്ളം തുടങ്ങിയവ ശേഖരിക്കാനും ഭക്ഷണ സാമഗ്രികൾ, വല, റോപ്, ബോർഡ്, മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ. കന്നിക്കൊയ്ത്ത് തേടി പുറപ്പെടുന്ന ബോട്ടുകൾ അറ്റകുറ്റപ്പണികളും പെയിൻറിങ് ജോലികളും ജി.പി.എസ് സെറ്റ്, വാക്കി ടോക്കി, വയർലെസ് സെറ്റ്, കാമറകൾ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളും ഒരുക്കി തിങ്കളാഴ്ച ഉച്ചയോടെതന്നെ രജിസ്ട്രേഷൻ അടക്കമുള്ള നിയമനടപടികളും പൂർത്തിയാക്കി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നതും കൂടുതൽ ആളുകൾ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നതും ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ചാണ്. 600ൽപരം ബോട്ടുകളാണ് ബേപ്പൂർ ഫിഷിങ് ഹാർബറുമായി ബന്ധപ്പെട്ട് മീൻപിടിത്തം നടത്തുന്നത്. ഇതിൽ 200ഓളം ബോട്ടുകൾ ചെറിയ മരബോട്ടുകളാണ്. ഇത്തരം ബോട്ടുകൾ നാല് മാസങ്ങൾക്ക് ശേഷം മാത്രമാണ് മത്സ്യബന്ധനത്തിന് പുറപ്പെടുക.
ട്രോളിങ് നിരോധനാനന്തരം കടലിൽ പോകുന്ന ബോട്ടുകൾക്ക് നല്ലകോള് കിട്ടൽ പതിവാണ്. കണവ, കിളിമീൻ, പടയപ്പ, വെംബ്ലി, തളമീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലും ലഭിക്കുക. ഡീസലിനും മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും അനിയന്ത്രിതമായി വില വർധിച്ചതിനാലും, പ്രകൃതിദുരന്ത നിയന്ത്രണങ്ങളാലും കാലാവസ്ഥാവ്യതിയാന മുന്നറിയിപ്പുമൂലമുള്ള തൊഴിൽദിനങ്ങൾ നഷ്ടപ്പെടൽ കാരണവും മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തി വായ്പയെടുത്തുമാണ് ഭൂരിഭാഗം ഉടമകളും ബോട്ടിന്റെ അറ്റകുറ്റപ്പണികളും മത്സ്യബന്ധനത്തിന് കടലിൽ പോകാനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയത്. ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി ബോട്ടുടമകളും തൊഴിലാളികളും ആഴക്കടലിലേക്ക് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.