ബേപ്പൂർ: ട്രോളിങ് നിരോധനം തീരാറായതോടെ ബേപ്പൂർ ഫിഷിങ് ഹാർബറിൽ ബോട്ടുകൾ കടലിലേക്ക് കുതിക്കാൻ ഒരുക്കമായി. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ 52 ദിവസത്തെ നിരോധനം ജൂലൈ 31 അർധരാത്രിയോടെ അവസാനിക്കും.
അഞ്ഞൂറിലധികം ബോട്ടുകൾ ബേപ്പൂർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്താറുണ്ട്. കടലിൽ പോകുന്നതിനാവശ്യമായ ഡീസൽ, ഐസ്, കുടിവെള്ളം എന്നിവ ബോട്ടുകളിൽ നിറക്കുന്നതിന് അധികൃതരിൽനിന്ന് അനുമതി ലഭിച്ചതോടെ ബുധനാഴ്ച മുതൽ തുറമുഖത്തെ പ്രവർത്തനങ്ങൾ സജീവമായി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയ നിയമനടപടികളും പൂർത്തിയാക്കി മീൻപിടിത്തത്തിന് പോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു.
5000 ലിറ്റർ ഡീസലും 400 ബ്ലോക്ക് ഐസും 5000 ലിറ്ററോളം കുടിവെള്ളവും ഭക്ഷണസാധനങ്ങളും പച്ചക്കറികളും സംഭരിച്ചാണ് കടലിൽ പോകുന്നത്. ട്രോളിങ് നിരോധനസമയത്ത് ബോട്ടുകളിൽനിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിവെച്ച വലകൾ, വയർലെസ് സെറ്റ്, ജി.പി.എസ്, ഇക്കോ സിസ്റ്റം, വാക്കിടോക്കി തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ബോട്ടുകളിൽ സ്ഥാപിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.
ഒരു ബോട്ടിൽ ഡീസലും ഐസും വെള്ളവും നിറക്കാൻ മൂന്നു മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരും. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ബേപ്പൂർ ഹാർബറിൽ ഒരേസമയം ഏതാനും ബോട്ടുകൾക്ക് മാത്രമേ അവശ്യവസ്തുക്കൾ നിറക്കാൻ സാധിക്കൂ.
തുറമുഖത്ത് ഡീസൽ പമ്പുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ കക്കാടത്ത്, കരുവൻതിരുത്തി തുടങ്ങിയ ഭാഗങ്ങളിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾ ഹാർബറിലേക്ക് മുൻഗണനാക്രമം പാലിച്ച് എത്തിത്തുടങ്ങി. കാലാവസ്ഥ കടുത്ത പ്രതികൂലമായതിനാൽ ഇന്ധനങ്ങളും മറ്റ് അവശ്യവസ്തുക്കളും നിറച്ച ബോട്ടുകൾ സുരക്ഷിതമായി നിർത്തിയിടാൻ സൗകര്യമില്ലാത്തതിൽ കടുത്ത ആശങ്കയിലാണ് തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.