കൂട്ടാലിട: ചെങ്ങോടുമല കരിങ്കൽ ഖനനത്തിന് ഡെൽറ്റ റോക്സ് പ്രൊഡക്ട് കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി മുമ്പാകെ നൽകിയ അനുമതിക്കുവേണ്ടിയുള്ള അപേക്ഷ തിരിച്ചയച്ചു. ഫെബ്രുവരി 22ന് സമരസമിതി ചെയർമാൻ വി.വി. ജിനീഷ് നൽകിയ തടസ്സ ഹരജി പരിഗണിച്ചാണ് തീരുമാനം.
തടസ്സ ഹരജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹരീഷ് വാസുദേവൻ മുഖേന ഹൈകോടതിയിൽ റിട്ടും സമർപ്പിച്ചിരുന്നു. ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സംഘവും സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയും ചെങ്ങോടുമല സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ ഖനനം പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കാണിച്ചാണ് തടസ്സ ഹരജി ഫയൽ ചെയ്തത്.
2021 നവംബർ രണ്ടിനാണ് കമ്പനി പാരിസ്ഥിതികാനുമതിക്കുവേണ്ടി കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ കമ്മിറ്റി മുമ്പാകെ അപേക്ഷ നൽകിയത്.
അപേക്ഷയുടെ കൂടെ വെച്ച ജില്ല സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടതായതുകൊണ്ട് കമ്മിറ്റി 2021 നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ നടന്ന യോഗത്തിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചു.
തുടർന്ന് കമ്പനി കോഴിക്കോട് മൈനിങ് ആൻഡ് ജിയോളജിയിൽനിന്ന് പുതിയ ജില്ല സർവേ റിപ്പോർട്ട് സംഘടിപ്പിക്കുകയും പാരിസ്ഥിതികാനുമതി അപേക്ഷ ഒരുമാസത്തിനുള്ളിൽ തീർപ്പുകൽപിക്കണമെന്ന ഉത്തരവ് സംഘടിപ്പിക്കുകയും ചെയ്ത് 2022 ഫെബ്രുവരി ഈ അപേക്ഷ മാർച്ച് ഒമ്പതിന് പരിഗണിച്ചപ്പോഴാണ് തിരിച്ചയച്ചത്.
ഖനനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സമിതിക്ക് കോട്ടൂർ ഗ്രാമപഞ്ചായത്തും കത്തയച്ചിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 10,000 ഇ- മെയിലുകൾ അയക്കുന്ന കാമ്പയിനും നടത്തിയിരുന്നു.
കഴിഞ്ഞ നാലര വർഷമായി നാട്ടുകാർ ചെങ്ങോടുമല ഖനന നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭവും നിയമ പോരാട്ടവും നടത്തിവരുകയാണ്. ഡെൽറ്റ കമ്പനിയുടെ അപേക്ഷ തള്ളിയതോടെ നാട്ടുകാർ വലിയ ആശ്വാസത്തിലാണ്. ചെങ്ങോടുമലയിൽ ഖനനം നടന്നാൽ കോട്ടൂർ, നൊച്ചാട്, കായണ്ണ പഞ്ചായത്തുകളിലെ 3000 ത്തോളം കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.