കോഴിക്കോട്: പതിവുപോലെ കടക്കുമുന്നിൽ സർബത്ത് കുടിക്കാനെത്തിയ വൻ ജനക്കൂട്ടത്തെ നോക്കി മുരളിയും സഹോദരങ്ങളും ചിരിക്കുന്ന മുഖത്തോടെതന്നെ വിളിച്ചുപറഞ്ഞു 'ഇന്ന് കൂടിയേ കച്ചവടമുണ്ടാവുള്ളൂ ട്ടോ. കോടതി വിധിയാണ്. വാർത്തകേട്ട് പലർക്കും ഞെട്ടൽ.
നേരത്തേ അറിഞ്ഞവരിൽ ചിലർ ആശ്വാസവാക്കായി പറഞ്ഞു. 'നമുക്ക് വേറെയെവിടെയെങ്കിലും തുടങ്ങാന്ന്'. കോഴിക്കോട് സി.എച്ച് മേൽപാലത്തിന് സമീപത്തെ പേരുകേട്ട 70 കൊല്ലത്തിലേറെ പഴക്കമുള്ള സർബത്ത് കടയാണ് ഞായറാഴ്ച അടച്ചത്. വർഷങ്ങളായി പ്രവർത്തിക്കുന്ന കട ഒഴിപ്പിക്കാൻ പുതിയ ഉടമ കേസ് കൊടുത്തതോടെയാണിത്.
മുനിസിഫ് കോടതിയിലും ജില്ല കോടതിയിലും ഹൈകോടതിയിലും കേസ് തോറ്റതോടെ സുപ്രീംകോടതിയിൽ പോയെങ്കിലും ഹരജി പരിഗണിച്ചില്ല. അങ്ങനെ ഹൈകോടതി നിശ്ചയിച്ച അവധിതീരുന്ന ഞായറാഴ്ച കട ഒഴിഞ്ഞുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നടത്തിപ്പുകാരിലൊരാളായ ആനന്ദ് പറഞ്ഞു.
പഴയ ഓടിട്ട കട ഇനി പിറകിലുള്ള കോൺക്രീറ്റ് ബിൽഡിങ്ങിന് വഴിമാറും. എങ്കിലും അടുത്തുതന്നെ നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്തി ബിസിനസ് പുനരാരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബം. നന്നാറിയും പാലും മാത്രം ചേർത്തുണ്ടാക്കുന്ന 25 രൂപ മാത്രമുള്ള മിൽക്ക് സർബത്തും 12 രൂപക്ക് നന്നാറി സർബത്തും 18 രൂപയുടെ സോഡ സർബത്തും 15 രൂപയുടെ മസാലസോഡയുമെല്ലാമായിരുന്നു വലിയ ഗ്ലാസുകളിൽ നൽകുന്ന കടയിലെ പേരുകേട്ട ഇനങ്ങൾ.
കോഴിക്കോട് ആറാം ഗേറ്റിനടുത്തുള്ള കോഴിപ്പറമ്പ് വീട്ടിൽ കുടുംബം തുടങ്ങിയ മിൽക്ക് സർബത്ത് കടയാണ് കോഴിക്കോടിന്റെ ഇഷ്ടമായിത്തീർന്നത്. കോഴിപ്പറമ്പത്ത് കുമാരൻ 1952ൽ മൂന്നാം ഗേറ്റിനടുത്താണ് കട തുടങ്ങിയത്. അനുജൻ ഭാസ്കരനെയും കൂടെ കൂട്ടി. മൂന്നാം ഗേറ്റിൽ സി.എച്ച് മേൽപാലം ഇപ്പോഴുള്ള കടയിലേക്ക് കച്ചവടം മാറി. കോഴിക്കോട്ട് വരുന്നവർ മിൽക്ക് സർബത്ത് ഒരാവൃത്തികൂടി നുണയാതെ നഗരം വിടാറില്ല. കുമാരനും ഭാസ്കരനും മക്കളായ ആനന്ദും മുരളിയും മനോജും ചേർന്നാണ് കട നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.