കോഴിക്കോട്: പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് അനീഷ് താമരക്കുളം നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഡി.ജി.പിക്ക് പരാതി നൽകി. സംസ്ഥാന സെക്രട്ടറി ആഷിഖ ശിറിനാണ് പരാതി നൽകിയത്.
ഓൺലൈൻ വിഡിയോയിലാണ് വിവാദ പരാമർശമുള്ളത്. ''സ്കൂളിലേക്ക് തട്ടവും മക്കനയും ധരിച്ചുവരുന്നതല്ല, ലഹരിയും മയക്കുമരുന്നുമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇത്തരം വസ്ത്രങ്ങൾ ധരിച്ചുവരുന്ന വിദ്യാർഥികൾ മൊബൈലും മറ്റു വസ്തുക്കളും വെക്കുന്നത് ലഗിൻസ് പോലുള്ള എക്സ്ട്രാ ഫിറ്റിങ്സിനുള്ളിൽ ആണെന്നും ഇത്തരം വസ്തുക്കൾ എവിടെ വേണമെങ്കിലും ഒളിപ്പിച്ചു വെക്കാം'' തുടങ്ങിയ പരാമർശത്തിനെതിരെയാണ് പരാതി. ഹിജാബ് അനുവദിച്ചാൽ വിദ്യാർഥിനികൾ ലഹരിയും മയക്കുമരുന്നും സ്കൂളിലേക്ക് കൊണ്ടുവരാൻ അത് മറയാക്കുന്നുവെന്നത് ഗുരുതരമായ ആരോപണമാണ്.
ഇത് മതവിശ്വാസത്തെയും സ്ത്രീത്വത്തെയും അവഹേളിക്കുന്ന പ്രസ്താവനയാണെന്നും മുസ്ലിം പെൺകുട്ടികൾക്കെതിരെ തെറ്റിദ്ധാരണ പരത്താനും കലാപം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.