പൂനൂർ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ഉണ്ണികുളം-താമരശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് പൂനൂർ പുഴക്കു കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂനൂര് ടൗണില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി തുടങ്ങി. പഴക്കമുള്ള നിലവിലുള്ള പാലത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു. അപകടാവസ്ഥയിലാണിത്. പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് പുതിയ പാലത്തിന്റെ നിർമാണത്തോടെ സഫലമാകുന്നത്.
മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ഇടപെടലിനെ തുടർന്ന് പൂനൂർ ടൗൺ സൗന്ദര്യവത്കരണത്തിന് കിഫ്ബിയിൽനിന്ന് 10 കോടി രൂപ 2017 ബജറ്റിലാണ് പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിലവിലെ പാലത്തിന് ബലക്ഷയം കണ്ടെത്തുകയും പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പുതിയ പാലം നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കി അനുമതി തേടുകയും ചെയ്തിരുന്നു.
4.78 കോടി രൂപയാണ് പാലത്തിന് അനുവദിച്ചത്. ടെൻഡർ എടുത്ത കൺസ്ട്രക്ഷൻ കമ്പനി പിന്മാറിയതോടെ നിർമാണം വഴിമുട്ടിനിൽക്കുകയായിരുന്നു. ഇതോടെ രാഷ്ട്രീയ പാർട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് മറ്റൊരു കമ്പനി നിർമാണ ചുമതല ഏറ്റെടുക്കുകയും മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ഫെബ്രുവരിയില്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. പഴയ പാലം നിലനിർത്തിയാണ് സമീപത്ത് പുതിയ പാലം നിർമിക്കുന്നത്.
ഒരുവശത്ത് നടപ്പാതയും ഇരു ഭാഗങ്ങളിലും അപ്രോച്ച് റോഡും ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഫണ്ട് അനുവദിച്ചത്. പാലം നിർമാണം പൂർത്തിയാകുന്നതോടെ പൂനൂർ ടൗണിന്റെ മുഖച്ഛായ മാറും. ഗതാഗതക്കുരുക്കിനും പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.