കോഴിക്കോട്: ഭരണ പ്രതിപക്ഷാംഗങ്ങളുടെ വിശദമായ ചർച്ചക്കൊടുവിൽ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻകൂടിയായ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അവതരിപ്പിച്ച കോർപറേഷന്റെ 2024-25 വർഷത്തെ ബജറ്റ് കൗൺസിൽ യോഗം അംഗീകരിച്ചു. യു.ഡി.എഫ് കൗൺസിലർ എം.സി. സുധാമണി കൊണ്ടുവന്ന ഭേദഗതി ആവശ്യമായാൽ പരിഗണിക്കാമെന്ന തീരുമാനത്തോടെയാണ് ബജറ്റ് അംഗീകരിച്ചത്.
ബജറ്റിൽ രാഷ്ട്രീയമരുതെന്ന് പറയുന്നത് ഉചിതമല്ലെന്ന് ഡെപ്യൂട്ടി മേയർ ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ പറഞ്ഞു. കേന്ദ്ര-കേരള സർക്കാറുകളുടെ പ്രവർത്തനവും അവരുടെ ബജറ്റും വിശകലനം ചെയ്യാതെ കോർപറേഷൻ ബജറ്റ് അവതരിപ്പിക്കാനാവില്ല. എന്നാൽ, കക്ഷി രാഷ്ട്രീയം ബജറ്റിലില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന സ്ഥിരം പല്ലവി പോലും പറയാനാവാത്ത വിധമാണ് ബജറ്റ് തയാറാക്കിയത്. മുൻ ബജറ്റിലെ എല്ലാ പദ്ധതികളുടെയും തുടർ പ്രവർത്തനങ്ങൾ ഒഴിവാക്കിയിട്ടുമില്ല.
പ്രധാന വരവിനങ്ങൾ കാണിച്ചതിൽ വസ്തു നികുതി, തൊഴിൽ നികുതി, വാടക ഇനങ്ങളിൽ തുക കാണിച്ചത് വളരെ കുറവാണെന്നും കൂട്ടിയിട്ട് 47.46 കോടിയാക്കി കാണിക്കണമെന്നുമായിരുന്നു യു.ഡി.എഫ് കൊണ്ടുവന്ന ഭേദഗതി. എന്നാൽ, കണക്കുകൾ ഊതിവീർപ്പിക്കാതെയിരുന്നതാണെന്നും ആവശ്യമനുസരിച്ച് പുതുക്കാവുന്നതേയുള്ളൂവെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ഇത് യു.ഡി.എഫ് അംഗീകരിച്ചതോടെയാണ് ബജറ്റ് പാസായത്.
ബജറ്റ് ചർച്ചയിൽ, യാഥാർഥ്യബോധമില്ലാത്ത ബജറ്റാണെന്നും ഡെപ്യൂട്ടി മേയർ സ്വപ്നലോകത്താണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നു. ബജറ്റിന്റെ വിശ്വാസ്യത തകർത്തു. കണക്കുകൾ പലതും തെറ്റ്. ബജറ്റ് പിൻവലിച്ച് നേരായ കണക്കുള്ള ബജറ്റ് വേണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തുന്നതാണ് ബജറ്റിലെ ആദ്യ പേജുകളെന്ന് ബി.ജെ.പി അംഗങ്ങൾ കുറ്റപ്പെടുത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒന്നും നടന്നില്ലെന്നാണ് പറയുന്നത്.
കോഴിക്കോട് സ്റ്റേഷന് 444.75 കോടിയുടെ നവീകരണത്തിന് ടെൻഡറായതാണ്. അടുത്ത മാസം പ്രവൃത്തി തുടങ്ങാനിരിക്കെയാണ് ബജറ്റ് പരാമർശം. കേരളത്തിന്റെ ദേശീയപാത വികസനത്തിന് കേന്ദ്ര സർക്കാർ ഒന്നര ലക്ഷം കോടിയിലേറെ നൽകുമ്പോൾ കേരളം കൊടുക്കുന്നത് 5580 കോടിയാണെന്നും ബി.ജെ.പി ആരോപിച്ചു. എല്ലാ പ്രതിലോമ ശക്തികളോടും പടവെട്ടി മുന്നേറുന്നതിനിടയിൽ യാഥാർഥ്യബോധമുള്ള, ദീർഘവീക്ഷണമുള്ള ബജറ്റാണിതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കോർപറേഷൻ ചരിത്രത്തിലെ മികച്ച ബജറ്റാണിത്. കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദൽ നിർദേശങ്ങളുണ്ട്. കാര്യമില്ലാതെയാണ് പ്രതിപക്ഷം എതിർക്കുന്നത്. എന്റെ വീട്ടിലെ കക്കൂസ് മാലിന്യം എനിക്കുതന്നെ വേണം എന്ന രീതിയിലാണ് യു.ഡി.എഫ് മലിനജല സംസ്കരണ പദ്ധതികളെ എതിർക്കുന്നത്.
ആധുനിക നഗരസംവിധാനം എല്ലാ പരിമിതികൾക്കുമിടയിൽ എങ്ങനെ വികസിപ്പിക്കാമെന്നതിനുള്ള തെളിവായി ബജറ്റ് മാറി. വലിയ മാറ്റം കൊണ്ടുവരുന്ന ബജറ്റാണിത്. എൽ.ഡി.എഫിൽനിന്ന് പി. ദിവാകരൻ, എൻ.സി. മോയിൻകുട്ടി, ഒ. സദാശിവൻ, പി.സി. രാജൻ, പി.കെ. നാസർ, സി. മുഹ്സിന, യു.ഡി.എഫിൽനിന്ന് കെ. മൊയ്തീൻ കോയ, കെ.സി. ശോഭിത, ബി.ജെ.പിയിൽനിന്ന് ടി. റനീഷ്, നവ്യ ഹരിദാസ് തുടങ്ങി 75 കൗൺസിലർമാരും രണ്ട് ദിവസമായി നടന്ന ചർച്ചയിൽ പങ്കെടുത്തു.
കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമായി ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അവതരിപ്പിച്ച കോർപറേഷൻ ബജറ്റ് മാറി. ‘നമ്മൾ ഇന്ത്യയിലെ ജനങ്ങൾ’ എന്നു തുടങ്ങി, ഭക്തിക്കും ആരാധനക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തോടെയാണ് ബജറ്റ് രേഖകൾ തുടങ്ങുന്നത്.
കോർപറേഷൻ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഭരണഘടനയിലെ സന്ദേശങ്ങൾ കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനും ബോധപൂർവം പ്രവർത്തിക്കേണ്ട സന്ദർഭമാണിതെന്ന് ബജറ്റ് പ്രസംഗത്തിൽ പറയുന്നു. ഇതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘വീ ദ പീപ്ൾ ഓഫ് ഇന്ത്യ’ എന്ന പേരിൽ ഭരണഘടന വിജ്ഞാനോത്സവം സംഘടിപ്പിക്കും. പ്രസംഗം, ഉപന്യാസ രചന, പോസ്റ്റർ മേക്കിങ്, ലഘുനാടകം തുടങ്ങിയ ഇനങ്ങളിൽ വിദ്യാർഥികൾക്ക് മത്സരം സംഘടിപ്പിക്കും. ഭരണഘടനപോലും നിലനിൽക്കുമോയെന്ന ആശങ്കയുള്ളപ്പോൾ രാഷ്ട്രീയം പറയാതെ വയ്യെന്ന് ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ ഡെപ്യൂട്ടി മേയർ പറഞ്ഞു. യു.ഡി.എഫിന് ഇക്കാര്യത്തിൽ ശക്തമായ നിലപാടില്ലെന്ന ആരോപണവും എൽ.ഡി.എഫ് അംഗങ്ങൾ ഉയർത്തി. ഇടതുപക്ഷത്തിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം എത്തരത്തിലാവുമെന്ന് ബജറ്റും അതിലെ പ്രസംഗങ്ങളും സൂചന നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.