കോഴിക്കോട്: റെയിൽവേ പൊലീസിലെ 15പേർക്കു കോവിഡ് ബാധിച്ചു. 70 പേരാണ് സ്റ്റേഷനിലുള്ളത്. അഞ്ചിലൊന്ന് പേർ കുറഞ്ഞതോടെ അവശേഷിക്കുന്ന ജീവനക്കാർ അവധികളടക്കം ഒഴിവാക്കിയാണ് ജോലിയിൽ തുടരുന്നത്. രാത്രി ഡ്യൂട്ടിയടക്കം മിക്കവർക്കും വർധിച്ചു.
നേരത്തെ പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ വിശ്രമ കേന്ദ്രത്തിൽ മൊത്തം സേനാംഗങ്ങളുടെയും യോഗം ചേർന്നിരുന്നു. പിന്നാലെയാണ് രോഗം വന്നതെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്. നഗരപരിധിയിലെ മറ്റുപല സ്റ്റേഷനുകളിലും പൊലീസുകാർക്ക് രോഗമുണ്ട്. രോഗമുള്ളവരെല്ലാം അവധിയിൽ പോവുന്നുണ്ടെങ്കിലും ഇവരുമായി നേരിട്ട് സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കുന്നില്ല. ഇത് രോഗ വ്യാപനത്തിനിടയാക്കുമെന്ന ഭീഷണിയും ഒരുഭാഗത്തുണ്ട്. നഗരപരിധിയിൽ രോഗം വർധിച്ചിട്ടും പൊലീസുകാർക്ക് വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.
ഒന്നും രണ്ടും തരംഗവേളയിൽ വൈകിയാണെങ്കിലും മതിയായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തുടക്കത്തിലേ വേണ്ട മുൻകരുതൽ ഒരുക്കുകയും പൊതുസ്ഥലങ്ങളിൽ ഡ്യൂട്ടിയെടുക്കുന്നവർക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ നൽകുകയും ചെയ്യാത്തത് വരും ദിവസങ്ങളിൽ പ്രതിസന്ധിയാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.