കോഴിക്കോട്: ഡൽഹി ഉൾപ്പെടെ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ 'റിക്രൂട്ടിങ് കേന്ദ്രം' എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം കുറ്റപ്പെടുത്തിയ ചേവായൂരിലെ 'സിജി'യിൽ സി.പി.എം ടൗണ്‍ ഏരിയ സമ്മേളനം.
ജമാഅത്തെ ഇസ്ലാമി മത തീവ്രവാദം വളർത്താൻ പ്രത്യേക കേഡർമാരെ തിരഞ്ഞെടുക്കാൻവേണ്ടി നടത്തുന്ന സ്ഥാപനമെന്നായിരുന്നു സിജിയെ എളമരം കരീം എം.പി വിശേഷിപ്പിച്ചിരുന്നത്.
നാദാപുരം മേഖലയിൽ നിന്നുൾപ്പെടെ വിദ്യാർഥികളെ ഡൽഹിയിലെ സർവകലാശാലകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. സുന്നി വിഭാഗത്തിൽപെട്ട കുട്ടികൾ പോലും ഇതിൽപെടുന്നു എന്നെല്ലാമായിരുന്നു വിമർശനം.
ജമാഅത്തെ ഇസ്ലാമിയുടെ പ്രച്ഛന്നവേഷം കെട്ടിയ കരിയര്‍ റിക്രൂട്ട്മെൻറ് സ്ഥാപനമാണ് 'സിജി' എന്നായിരുന്നു കരീമിെൻറ പരാമർശം. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് എൻ.ജി.ഒ യൂനിയൻ ഹാളിൽ നടന്ന പരിപാടിയിലെ കരീമിെൻറ പ്രസംഗം വലിയ ചർച്ചയായി.
ഒടുവിൽ കരീം ഉൾപ്പെടുന്ന സി.പി.എം ടൗണ്‍ ഏരിയ സമ്മേളനമാണ് ഇതേ 'റിക്രൂട്ടിങ് കേന്ദ്ര'ത്തിൽ ആരംഭിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
സംഘ്പരിവാർ പോലും ഉന്നയിക്കാത്ത ആരോപണം നടത്തിയ കരീമിെൻറ അഭിപ്രായത്തെ പാർട്ടി തള്ളിയെന്നാണ് വിലയിരുത്തൽ. ഏരിയ സമ്മേളനത്തിെൻറ ഭാഗമായി സിജി കരിയര്‍ സെൻററിനു മുന്നില്‍ പാര്‍ട്ടി പതാകകളും രക്തസാക്ഷി മണ്ഡപവും സജ്ജീകരിച്ചിട്ടുണ്ട്. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെ നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.