നാദാപുരം: നാടകാവതരണത്തിനെതിരെ ക്രൈസ്തവ സഭയുടെ പ്രതിഷേധം. ബിമൽ സംസ്കാരിക ഗ്രാമം എടച്ചേരി വേങ്ങോളിയിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ച വിവാദ കക്കുകളി എന്ന നാടകാവതരണത്തിനെതിരെയാണ് താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്ക കോൺഗ്രസ്, യുവജന സംഘടന കത്തോലിക്ക കോൺഗ്രസ് യൂത്ത് മൂവ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകളും വൈദികരും അടങ്ങുന്ന സഭാ വിശ്വാസികൾ പ്രതിഷേധിച്ചത്.
താമരശ്ശേരി രൂപതയുടെ കീഴിൽവരുന്ന കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ഇരുനൂറോളം കന്യാസ്ത്രീകൾ ഉൾപ്പെടെ നാടകവേദിയായ എടച്ചേരി വേങ്ങോളിയിലെത്തി പ്രതിഷേധസമരം നടത്തി. അവിചാരിതമായെത്തിയ കനത്ത വേനൽമഴയിലും ഒരു മണിക്കൂറോളം വിശ്വാസികളുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ സംഗമവും നടത്തി.
പ്രതിഷേധക്കാരെ വേദിക്ക്സമീപം പൊലീസ് തടഞ്ഞു. നാടകത്തിലെ പരാമർശങ്ങൾ സഭയിൽ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതായും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് താമരശ്ശേരി രൂപത മെത്രാൻ ഫാദർ ഇഞ്ചാനിയേൽ പറഞ്ഞു. സിസ്റ്റർ ബിമൽ, സിസ്റ്റർ സെബി എന്നിവർ സംസാരിച്ചു. കത്തോലിക്ക കോൺഗ്രസ് യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ഫാദർ മാത്യു കൂമിള്ളി, അഭിലാഷ് പൊടിപ്പാറ, ജസ്റ്റിൻ സൈമൺ, റിച്ചാഡ് ജോൺ എന്നിവരും പങ്കെടുത്തു. സംഘർഷസാധ്യത കണക്കിലെടുത്ത് എടച്ചേരി സി.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. നേരത്തേ കൃസ്തീയ സഭകൾ നാടകത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെ നാടകാവതരണം നിർത്തിവെച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ വീണ്ടും എടച്ചേരിയിൽ നാടകാവതരണം നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.