കോഴിക്കോട്: എട്ടുവർഷത്തിനുശേഷം പുഴകളിൽനിന്ന് മണൽ വാരുന്നത് പുനരാരംഭിക്കാനുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നിർമാണമേഖലക്ക് നേട്ടമാകും. മണൽവാരൽ നിലച്ചതോടെ നിർമാണമേഖല പ്രധാനമായും ആശ്രയിക്കുന്നത് പാറപൊടിച്ചുള്ള മണലിനെയാണ് (എം സാൻഡ്). കൃത്രിമമായി നിർമിക്കുന്നതിനാൽ ഗുണനിലവാരമില്ലാത്തവയടക്കം വിപണിയിൽ സുലഭമായതോടെ വീടു നിർമാണത്തിന് മണൽതന്നെ ഉപയോഗിക്കണമെന്നുള്ളവർ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുകയാണ്.
സിമന്റുപോലെ പാക്ക് ചെയ്ത് ചാക്കിൽ എത്തിക്കുന്ന ഇവക്കാണെങ്കിൽ വൻ വിലയുമാണ്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഇടക്കിടെ എം സാൻഡ് വിലവർധിപ്പിക്കുന്നതിനും പുഴമണൽ ലഭ്യമാവുന്നതോടെ തടയാനാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്തെ മൂന്നു പുഴകളിൽനിന്ന് മണൽവാരുന്നതിലൂടെ മാത്രം 200 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചത്. ആദ്യഘട്ടത്തിൽ ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിൽ മണൽ വാരുന്നതാണ് പരിഗണിക്കുന്നത്.
നേരത്തേ പുഴകളിൽ നടത്തിയ മണൽ ഓഡിറ്റിൽ ഇവിടങ്ങളിൽ ആവശ്യാനുസരണം മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബജറ്റിൽ പ്രഖ്യാപനം വന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുന്നേയുള്ളൂ. പ്രളയവും ശക്തമായ മഴയുമെല്ലാം കാരണം സംസ്ഥാനത്തെ പുഴകളിൽ മണൽ നിക്ഷേപം കൂടിയിട്ടുണ്ട്. ഇത് വരുന്ന മഴക്കാലത്ത് വെള്ളപ്പൊക്കത്തിനടക്കം കാരണമാകുമെന്ന ആശങ്കയും ഒരുഭാഗത്തുണ്ട്.
മാത്രമല്ല പുഴകളിൽ മണൽ നിയന്ത്രണങ്ങളോടെ എടുത്താൽ പാറപൊട്ടിച്ച് മണലുണ്ടാക്കുന്നതിന് കുറവുവരുത്താനാവുമെന്ന വാദവുമുണ്ട്. മണൽവാരലുമായി ബന്ധപ്പെട്ട നടപടികൾ ദ്രുതഗതിയിൽ ആരംഭിക്കണമെന്നാണ് നേരത്തേ ഈ രംഗത്ത് പ്രവർത്തിച്ച തൊഴിലാളികൾ പറയുന്നത്. മഴ തുടങ്ങും മുമ്പ് മണൽ എടുത്തുപോകണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പുഴ കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കാവും പ്രധാനമായും മണൽ വാരുന്നതിന്റെ പ്രയോജനം ലഭിക്കുക. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മണൽ വാരൽ തൊഴിൽ മേഖല ശക്തമായി നൂറുകണക്കിനാളുകൾക്ക് ജോലി ലഭ്യമാവുകയും ചെയ്യും.
നേരത്തേ സംസ്ഥാനത്തെ ഒട്ടുമിക്ക പുഴകിൽനിന്നും നിയമവിധേയമായും അല്ലാതെയും മണലെടുത്തിരുന്നു. അമിതമായി മണൽവാരി പുഴതന്നെ ഇല്ലാതാകുന്ന നിലയിലേക്കെത്തുകയും അഴിമതി വ്യാപകമാവുകയും ചെയ്തതോടെ 2016ൽ കോടതി വിധിയെതുടർന്നാണ് മണൽവാരൽ അവസാനിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക്സ് ആൻഡ് റെഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ്, നേരത്തേ നിർത്തിയ മണൽ വാരൽ പുനരാരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനു മുന്നോടിയായി കഴിഞ്ഞ ഡിസംബറിൽ സർക്കാർ അഞ്ചംഗ സമിതിയെ പഠനത്തിന് നിയോഗിച്ചിരുന്നു. ഓഡിറ്റ് പൂർത്തിയായവയിൽ 17 നദികളിൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയത്. ഈ പട്ടികയിലുൾപ്പെട്ടതാണ് ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും. മേഖലയെ ആശ്രയിക്കുന്ന നിരവധി തൊഴിലാളികളും പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.