കോഴിക്കോട്: ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്റെ അംഗീകാര നിറവിൽ കോഴിക്കോട് ജില്ല പഞ്ചായത്ത്. ഒരു ലക്ഷം രൂപയും മെമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക. ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ 2013ൽ പഠനപെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികളുടെ ചികിത്സക്കായി ആരംഭിച്ച സ്പന്ദനം എന്ന പദ്ധതിയും ജില്ല പഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും ആഭിമുഖ്യത്തിൽ ഭിന്നശേഷി മാതാപിതാക്കൾക്കുള്ള തൊഴിൽ സംരംഭ പദ്ധതിയായ ചിറക് എന്ന പദ്ധതിയുമാണ് നേട്ടത്തിന് അർഹമാക്കിയത്. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള പുറക്കാട്ടേരിയിലെ എ.സി. ഷൺമുഖദാസ് മെമ്മോറിയൽ ചൈൽഡ് ആൻഡ് അഡോളസെന്റ് സെന്ററിലൂടെ 20 വയസ്സ് വരെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായ എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ആയുർവേദ ചികിത്സയിലൂടെ പരിഹാരം നൽകിവരുന്നു.
കുട്ടികളിലെ വളർച്ച വൈകല്യങ്ങൾ, പഠന പ്രശ്നങ്ങൾ എന്നിവ നേരത്തേ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നു. രക്ഷിതാക്കൾക്ക് കുട്ടികളുടെ പ്രശ്നപരിഹാരം സംബന്ധിച്ച അവബോധനം നൽകി അവരെ പ്രാപ്തരാക്കുന്നു. സ്പീച് തെറപ്പി സൈക്കോളജി സ്പെഷ്യൽ എജുക്കേഷൻ ക്ലിനിക്കൽ യോഗ ഫിസിയോതെറപ്പി, ഒക്യുപ്പേഷനൽ തെറപ്പി എന്നിവയെല്ലാം ഇവിടെ നൽകിവരുന്നുണ്ട്.
ജില്ല പഞ്ചായത്തും കുടുംബശ്രീയും ഭിന്നശേഷിയുള്ള വ്യക്തികൾ നിർമിച്ച ഉൽപന്നങ്ങൾ ഓൺലൈനായി വിൽക്കുന്നതിന് സോഫ്റ്റ്വെയർ രൂപകൽപന ചെയ്തു. 70 ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ് നൽകി. 41 സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു. ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകാനായി എനേബ്ലിങ് കോഴിക്കോട് എന്ന പദ്ധതി നടപ്പാക്കി. നിലവിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ സെൻറർ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.