കോഴിക്കോട്: ട്രെയിനിൽ പാർസലായി വാഹനങ്ങൾ അയക്കുമ്പോൾ പോർട്ടർമാർ അമിത ചാർജ് ഈടാക്കുന്നതായി പരാതി. കോഴിക്കോട് സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്ഫോമിലെ പാർസൽ ഓഫിസിലെത്തി വാഹനം കൈമാറി കൗണ്ടറിൽ പണമടച്ചാൽ ‘വാഹനം പൊതിയൽ’ എന്നപേരിലാണ് അഞ്ഞൂറ് രൂപവരെ ഈടാക്കുന്നത്. പെട്രോൾ പൂർണമായും ഊറ്റിയെടുത്തശേഷം വാഹനം വിട്ടുനൽകുന്നതോടെ രണ്ട് പ്ലാസ്റ്റിക് ചാക്കുകൾ സീറ്റിലും ഹെഡ് ലൈറ്റിലുമായി പത്തുമിനിറ്റിനുള്ളിൽ കെട്ടി വാഹനം സൈഡാക്കി വെക്കുന്നതിനാണ് 500 രൂപ വരെ വാങ്ങുന്നത് എന്നാണ് പരാതി.
400 രൂപയാണ് പൊതുവേ ഈടാക്കുന്നത്. എന്നാൽ, ആളുകളെ നോക്കിയാണ് 500 രൂപവരെ വാങ്ങുന്നത്. വാഹനം അയക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാൻ എത്തുന്നവരോടുതന്നെ, 500 രൂപയാണ് തങ്ങൾ ഈടാക്കുന്നത് എന്നാണ് പോർട്ടർമാർ പറയുന്നത്. സി.സി.ടി.വി കാമറയുടെ താഴെ ഭാഗത്തുനിന്നാണ് തുക വാങ്ങുന്നത്. അമിത തുകയാണല്ലോ ഈടാക്കുന്നത് എന്ന് പരാതി പറഞ്ഞാൽ എല്ലാവരോടും ഇങ്ങനെയാണ് വാങ്ങുന്നതെന്നും ഒരാൾക്ക് മാത്രമായി കുറച്ചുനൽകാനാവില്ലെന്നുമാണ് മറുപടി.
പാർസൽ ബുക്ക് ചെയ്യുന്ന കൗണ്ടറിലുള്ളവരുടെ സഹായികളായി നിൽക്കുന്നതിനാൽ ബന്ധപ്പെട്ടവരും വൻ തുക ഈടാക്കുന്നതിൽ കണ്ണടക്കുകയാണ്. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് ഇരുചക്രവാഹനം അയക്കുന്നതിന് ആയിരം രൂപയോളം മാത്രമാണ് റെയിൽവേയിൽ ഈടാക്കുന്നത് എന്നിരിക്കെ വാഹനത്തിന് മുകളിൽ ചാക്ക്കെട്ടുന്നതിനായി പോർട്ടർമാർ അഞ്ഞൂറ് രൂപയോളം നേരിട്ട് കൈപ്പറ്റുന്നു എന്നതാണ് വിമർശനം.
പാർസൽ കൗണ്ടറിൽ ഓൺലൈനായി മാത്രമേ പണം അടക്കാനാവൂ. പലരും കാർഡ് നൽകിയാൽ രണ്ടും മൂന്നും തവണ അക്കൗണ്ടിൽനിന്ന് പണം നഷ്ടമാവുകയും റെയിൽവേയുടെ അക്കൗണ്ടിൽ ഇത് കയറുകയുമില്ല. ഇതുസംബന്ധിച്ച് വിവരങ്ങൾ ആരായുന്നവരോട് മയമില്ലാതെയാണ് കൗണ്ടറിലുള്ളവർ പെരുമാറുന്നതെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് വാഹനം അയക്കാനെത്തിയ ആളുടെ അക്കൗണ്ടിൽ നിന്ന് രണ്ടുതവണ പണം നഷ്ടമായെങ്കിലും തുക റെയിൽവേയുടെ അക്കൗണ്ടിൽ കയറിയില്ല. ഇതോടെ തുക ഗൂഗ്ൾ പേ ചെയ്തുനൽകുകയായിരുന്നു. അക്കൗണ്ടിലെ പണം നഷ്ടമായത് ചൂണ്ടിക്കാട്ടിയപ്പോൾ ‘അങ്ങനെയൊക്കെയുണ്ടാവും’ എന്നായിരുന്നു അധിക്ഷേപ സ്വരത്തിൽ കൗണ്ടറിലെ ജീവനക്കാർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.