കോഴിക്കോട്: കേരളം കാത്തിരുന്ന ബിരിയാണി റാണിയെ കണ്ടെത്താൻ കോഴിക്കോട്ട് നടന്ന ‘ദം ദം ബിരിയാണി’ ഗ്രാൻഡ് ഫിനാലെ അക്ഷരാർഥത്തിൽ ജനകീയ ഉത്സവമായി. രണ്ടര മണിക്കൂർ സമയം നൽകി ബിരിയാണിക്കുള്ള സാധനങ്ങളും അടുപ്പും പാത്രങ്ങളും സജ്ജമാക്കിയ അടുക്കളയിലേക്ക് 15 ഫൈനലിസ്റ്റുകൾ കടന്നുവന്നതോടെ അറബിക്കടലിന്റെ കാറ്റിന് ബിരിയാണിയുടെ മണം പിടിച്ചു. കോഴിക്കോട് ഇന്നേവരെ കണ്ടിട്ടില്ലാത്ത വാശിയേറിയ പാചകമത്സരത്തിനാണ് മാധ്യമം ‘കുടുംബ’വും റോസ് ബ്രാൻഡ് ബിരിയാണി റൈസും ആതിഥ്യം വഹിച്ചത്. മത്സരത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായിരുന്നു.
കണ്ണൂർ (കാസർകോട്, കണ്ണൂർ), മലപ്പുറം (മലപ്പുറം, പാലക്കാട്), കോഴിക്കോട് (കോഴിക്കോട്, വയനാട്) എന്നിങ്ങനെ മൂന്ന് റീജനുകളിലായിരുന്നു സെമി ഫൈനൽ മത്സരങ്ങൾ നടന്നത്. ഇതിൽ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത അയ്യായിരത്തോളം പേരിൽനിന്ന് തിരഞ്ഞെടുത്ത 50 പേർ വീതമായിരുന്നു മത്സരിച്ചത്. ജിഷ ബിജിത്ത് (ചിറക്കര), ആയിഷ നസീറ (തളിപ്പറമ്പ്), റിന്റ റാഹിൽ (ആദികടലായി), മുംതാസ് ഇബ്രാഹിം (കൂത്തുപറമ്പ്), ഫമി മുനീർ (ചിറക്കൽ കുളം), സൗബിന മുഹമ്മദ് (മുക്കം), ജഷീല യസീർ (വൈത്തിരി), ജാനകി പവിത്രൻ (കോട്ടൂളി), നെജിയ്യ (മലയമ്മ), ഷാഹിന (ഓമശ്ശേരി), ശബ്ന (വള്ളുവമ്പ്രം), ഫാത്തിമ ഫിദ (ഐക്കരപ്പടി), സൈഫുന്നീസ (തൃത്താല), സാഹിറ ബാനു (തിരൂർ), ജെ. ജംഷാദ് (ഒലവക്കോട്) എന്നിവരാണ് ഫൈനലിൽ മാറ്റുരച്ചത്. സെമി ഫൈനൽ ജഡ്ജിമാരായ വിനോദ് വടശ്ശേരി, റഷീദ് മുഹമ്മദ്, സമീറ മെഹബൂബ്, സി.കെ. റാഫിയ, തസ്നി ബഷീർ, ഒ. സന്ദീപ്, ശ്രുതി അജിത്ത്, ഷമീം അഹമ്മദ്, ഷിഹാബ് ചോക്ലി, ഷംന ഷാഹിർ എന്നിവരും പാചകമത്സര അടുക്കളയിൽ സന്നിഹിതരായിരുന്നു.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഗോൾഡ് കോയിനും ഫൈനലിസ്റ്റുകൾക്ക് പാരിസൺസ് ഗ്രൂപ് പ്രോഡക്റ്റ്സ് കിറ്റ്, നൈസ് ഹൽവ ഗിഫ്റ്റ് കിറ്റ്, റോസ് ബ്രാൻഡ് ബിരിയാണി റൈസ്, മിനോൾട്ട കുക്ക് വെയർ ബോക്സ്, കിച്ചൺ ട്രഷർ ഗിഫ്റ്റ് ഹാംബർ, എക്സോ പ്രോഡക്ട് കിറ്റ് എന്നീ സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്.
‘പാട്ടുബിരിയാണി’യിൽ മനം നിറഞ്ഞ് കടലോരം
കോഴിക്കോട്: കടൽകാറ്റിനൊപ്പം ബാബുക്കയുടെ സംഗീതം ഹൃദയത്തിലേക്കൊഴുക്കി യുവഗായകരുടെ പാട്ടുകൾ. മാധ്യമം ‘കുടുംബം’ ഒരുക്കിയ ബിരിയാണി പാചകമത്സര വേദിയിൽ പുതിയതും പഴയതുമായ പാട്ടുകളുമായെത്തിയത് ജാസിം ജമാലും വേദ മിത്രയും. പാട്ട് കേൾക്കാനെത്തിയത് ആയിരങ്ങൾ. വേദമിത്ര വയലിനിൽ വിസ്മയം തീർത്ത് ആസ്വാദകരുടെ കൈയടി നേടി. അമിത് സാജൻ, ഗോകുൽ കുമാർ, ആദർശ് ലതീഷ് എന്നിവർ ലൈവ് ഓർക്കസ്ട്രക്ക് നേതൃത്വം നൽകി.
ആദ്യ അങ്കത്തിൽ നെജിയ്യ ടീച്ചർക്ക് കിരീടം
കോഴിക്കോട്: മക്കളാണ് പറഞ്ഞത് ഞങ്ങളൊക്കെ പല പരിപാടിയിലും പങ്കെടുക്കുന്നതല്ലേ, ഉമ്മ ഈ മത്സരത്തിൽ പങ്കെടുക്കണമെന്ന്. വീട്ടിൽ കുടുംബത്തിന് ഭക്ഷണമുണ്ടാക്കിയ അനുഭവമല്ലാതെ ഈ അധ്യാപികക്ക് ഇത്തരമൊരു മത്സരം ആദ്യാനുഭവമായിരുന്നു. വായിച്ചുപഠിച്ച പാചക അറിവുകളേയുള്ളൂ. ഇത്ര വലിയ മത്സരത്തിലേക്കാണ് വരുന്നതെന്നുപോലും അറിയില്ലായിരുന്നുവെന്ന് നെജിയ്യ ടീച്ചർ പറഞ്ഞു. വിധികർത്താക്കൾ എല്ലാവരും ഒരേ മാർക്ക് നൽകിയതും വിസ്മയമായി. സൈലന്റായി വന്ന് ഗോളടിച്ച അനുഭവമാണ് നെജിയ്യ ടീച്ചറുടേതെന്ന് വിധികർത്താക്കൾ വിലയിരുത്തി. 22 വർഷത്തോളം വിദേശത്തായിരുന്നു. ദയാപുരം സ്കൂളിലെ അധ്യാപികയാണ്. ടീച്ചർ മത്സരിക്കുന്ന വിവരമറിഞ്ഞ് നിരവധി ശിഷ്യഗണങ്ങളും കാണികളായെത്തി.
മനം നിറഞ്ഞ് മത്സരാർഥികൾ
കോഴിക്കോട്: മാധ്യമം ‘കുടുംബം’ ഒരുക്കിയ ദം ദം ബിരിയാണി പാചകമത്സരം പങ്കെടുത്തവർക്ക് മനം നിറഞ്ഞ അനുഭവമായി. തങ്ങൾ പങ്കെടുക്കാൻ പോകുന്ന മത്സരവേദി ഇത്രയും പ്രൗഢിയുള്ളതാണെന്ന് പല മത്സരാർഥികളും അറിഞ്ഞിരുന്നില്ല. സാധാരണ മത്സരമാണെന്ന് കരുതി പങ്കെടുത്തവർക്ക് ജീവിതത്തിലെ അഭിമാനകരമായ അനുഭവമായി മാറി ഈ മേള. പലരും ആദ്യമായാണ് ഇത്തരം മത്സരങ്ങളിൽ പങ്കെടുത്തത്. ജയിക്കണമെന്നില്ല, ഇത്രയും ഗംഭീര പരിപാടിയിൽ മത്സരാർഥികളായി വരാൻ സാധിച്ചതുതന്നെ മതിയെന്ന് മത്സരാർഥികളായ ഷബ്ന ഫൈസൽ, ജാനകി പവിത്രൻ, അയിഷ നസീറ, ഫാത്തിമ ഫിദ എന്നിവർ പറഞ്ഞു.
ഇത് ‘ഫുഡ് സിറ്റി’യുടെ വിളംബരം -ആബിദ റഷീദ്
കോഴിക്കോട്: കോഴിക്കോട് ഫുഡ് സിറ്റിയാവണമെന്ന എന്റെ വളരെ കാലമായുള്ള ആഗ്രഹത്തിന്റെ വിളംബരമായി മാറി മാധ്യമം ഒരുക്കിയ ബിരിയാണി പാചകമത്സരമെന്ന് പാചകവിദഗ്ധ ആബിദ റഷീദ്. പുതിയ തലമുറയെ ഈ മേഖലയിൽ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ അംഗീകാരങ്ങൾ ഏർപ്പെടുത്തണം. നല്ല കൈപ്പുണ്യമുള്ള വനിതകളെ സംരംഭകർകൂടിയാക്കി മാറ്റണമെന്നും ആബിദ റഷീദ് പറഞ്ഞു.
വിപ്ലവം സൃഷ്ടിക്കാനാവും -ഷെഫ് പിള്ള
മാധ്യമത്തിന്റെ ബിരിയാണി പാചകമത്സരം കേരളമൊട്ടുക്കും നടത്തി ഗ്രാൻഡ് ഫിനാലെ ഇൗ കടപ്പുറത്ത് നടത്തണമെന്ന് സെലിബ്രിറ്റി ഷെഫ് പിള്ള അഭിപ്രായപ്പെട്ടു. ഇന്നും വലിയ ഹോട്ടലുകളിൽ പാചകമേഖലയിൽ ആധിപത്യം പുരുഷന്മാർക്കാണ്. ജന്മസിദ്ധമായ കൈപ്പുണ്യമുള്ള എത്രയോ പാചകറാണിമാർ നമുക്കുണ്ട്. അവരെ പ്രഫഷനൽ ഷഫുകളാക്കി മാറ്റിയാൽ വലിയ വിപ്ലവം സൃഷ്ടിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
‘ചിരിപ്പിച്ചുകൊന്ന്’ കല്ലു
കടലോരത്തെ ‘ചിരിപ്പിച്ചുകൊന്ന്’ ഒരേസമയം പാചക വിദഗ്ധനും അവതാരകനുമായ രാജ് കലേഷിന്റെ തകർപ്പൻ പ്രകടനങ്ങൾ. സമ്മാനദാന വേദിയിൽ ‘ബിരിയാണീ...’ എന്ന് നീട്ടിവിളിക്കുന്നവർക്ക് സമ്മാനമൊരുക്കിയപ്പോൾ മത്സരിക്കാൻ ആളിടിച്ചുകയറി. 20 സെക്കൻഡ് നീളുന്ന ‘ബിരിയാണീ വിളി’ മത്സരം ആൾക്കൂട്ടത്തിന് ഹരം പകർന്നു. മത്സരത്തിലുടനീളം അവതാരക രേവതിക്കൊപ്പം കല്ലുവിന്റെ ടോക് ഷോ പരിപാടിക്ക് ആവേശം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.