കോഴിക്കോട്: സംരക്ഷണ ഭിത്തി തകർന്ന് അലങ്കോലപ്പെട്ട ഭട്ട് റോഡ് ബീച്ചിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഒന്നരക്കൊല്ലം മുമ്പ് തകർന്ന ബീച്ചിൽ കടലാക്രമണവും മണ്ണൊലിപ്പും തടയാനുള്ള കരിങ്കൽ കെട്ടുകളുടെ പണിയാണ് ആദ്യഘട്ടമായി തുടങ്ങിയത്.
2004ൽ സൂനാമി കഴിഞ്ഞ് അതിന്റെ പുനരധിവാസ ഫണ്ടിൽ 243.23 ലക്ഷം ഉപയോഗിച്ച് 2008ലാണ് ഭട്ട് റോഡ് കടപ്പുറം സൗന്ദര്യവത്കരണം നടന്നത്. അതിനുശേഷം ഭട്ട് റോഡ് ബീച്ചിൽ അവധി ദിവസങ്ങളിലടക്കം വൻ തിരക്കാണ്. ഇത്രയും കൂടുതൽ പേരെത്തുന്ന സ്ഥലം നഗരത്തിന് അപമാനമായി തുടരുന്നതിൽ വലിയ പരാതിയുയർന്നിരുന്നു.
ഒരു കോടിയോളം രൂപ ചെലവിൽ വിനോദസഞ്ചാര വകുപ്പ് ആഭിമുഖ്യത്തിലാണ് നിർമാണം. തകർന്ന കൽക്കെട്ടും ഇന്റർലോക്കിട്ട ഭാഗവും നന്നാക്കും. അതുകഴിഞ്ഞ് പാർക്കും പരിസരവും നവീകരിക്കാനും പദ്ധതിയുണ്ട്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപ ചെലവിൽ നവീകരിക്കുകയാണ് അടുത്തതായി ലക്ഷ്യമിടുന്നത്.
കനത്ത തിരയിൽ ബീച്ചും പാർക്കും ചേരുന്ന ഭാഗം തകർന്ന് അപകടാവസ്ഥയിലായിരുന്നു. നാലര മീറ്ററോളം ആഴത്തിൽ കുഴിയെടുത്താണ് കല്ലുപാകുന്നത്. താഴെ ഭാഗം രണ്ടര മീറ്ററും മുകളിൽ രണ്ട് മീറ്ററും വീതിയിലാണ് പണി. പൂഴിയിൽ കല്ല് ഉറച്ചുനിൽക്കാൻ കമ്പിവല കൊണ്ട് ചതുരത്തിൽ കെട്ടുണ്ടാക്കി അതിനകത്ത് കരിങ്കല്ല് നിറക്കുകയാണ് ചെയ്യുന്നത്. പാർക്കിൽ വടക്ക് മുതൽ തെക്ക് വരെ മുഴുവൻ ഭാഗത്തും കെട്ട് വരും. ഒന്നിച്ച് കെട്ട് വന്നാൽ വലിയ തിരകളെയും പ്രതിരോധിക്കാനാവുമെന്നാണ് പ്രതീക്ഷ.
2023 ജൂലൈയിലാണ് പാർക്കും ബീച്ചുമായി വേർതിരിക്കുന്ന ഭാഗം തകർന്നത്. വിളക്കുകാലും ബീച്ചിലേക്കുള്ള പടികളും ഇന്റർലോക്കും അടർന്നിരുന്നു. അടർന്ന ഇന്റർലോക്കുകൾ എടുത്തുമാറ്റിവെച്ചിരിക്കയാണിപ്പോൾ. പാർക്കിലെ കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും നശിച്ചു. കുട്ടികൾ അപകടത്തിലാവുമെന്ന ആശങ്കയുമുയർന്നിരുന്നു. തീരം ഇല്ലാതായതോടെ തിരയടിച്ചാൽ അപകടാവസ്ഥയുണ്ട്. കാറ്റുകൊള്ളാൻ ആളുകൾ വരുന്ന ഭാഗവും ഇടിഞ്ഞു. മഴയും വെയിലും കൊള്ളാതിരിക്കാനുള്ള ചെറിയ കുടിലുകളിൽ പലതും അപകടാവസ്ഥയിൽ പൂഴിയിലമർന്നു. ഇന്റർലോക്കിട്ട ഭാഗങ്ങളിളകി അടിയിലുള്ള പൈപ്പും മറ്റും പുറത്തായി. കോൺക്രീറ്റ് കുടിലുകളുടെ മേൽക്കൂരയും പൊളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.