കോഴിക്കോട്: കോർപറേഷൻ പൂട്ടി സീൽ ചെയ്ത നടക്കാവ് ഇംഗ്ലീഷ് പള്ളി ബട്ടർ ഫ്ലൈ പാർക്ക് മാസങ്ങൾ കഴിഞ്ഞ് മധ്യവേനലവധിക്കാലം വന്നിട്ടും അടഞ്ഞുതന്നെ. നടത്തിപ്പിന് കൊടുത്ത സ്വകാര്യ കമ്പനി കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് പാർക്ക് അടച്ച് പൂട്ടിയത്. കേരള ഗാന്ധി കെ. കേളപ്പന്റെ പ്രതിമയും പാർക്കും വേനൽ ചൂടിൽ പരിചരണമില്ലാതെ അലങ്കോലമായി. അവധിക്കാലത്ത് കൊടും ചൂടിൽ ഏറെ പേർ കാറ്റ് കൊള്ളാനെത്തിയിരുന്ന പാർക്കാണ് പൂട്ടിക്കിടക്കുന്നത്. നടക്കാവിലെ പ്രധാന വൈദ്യുതി ട്രാൻസ്ഫോർമറുകളും മറ്റും പാർക്കിനകത്താണ്. അറ്റകുറ്റപ്പണികൾക്ക് മതിൽ ചാടിക്കടക്കേണ്ട അവസ്ഥയുള്ളതിനാൽ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡ് പല തവണ കോർപറേഷനെ സമീപിച്ചിട്ടും നടപടിയായില്ല. മുതിർന്നവരുടെ പാർക്കായും മറ്റും ഉപയോഗിക്കണമെന്ന് വാർഡ് സഭ ശിപാർശ ചെയ്തിട്ടും പല തവണ ഭരണസമിതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് കോർപറേഷൻ നടക്കാവ് കൗൺസിലർ അൽഫോൻസ മാത്യു പറഞ്ഞു. ബ്ലൂമിങ് കാലിക്കറ്റ് പദ്ധതിയുടെ ഭാഗമായി 2009 ഒക്ടോബർ ആറിനാണ് പാർക്ക് നവീകരിച്ച് ഉദ്ഘാടനം ചെയ്തത്. കോർപറേഷനിലെ ആദ്യത്തെ ശലഭോദ്യാനം കൂടിയായി പ്രഖ്യാപിച്ച ഇവിടെ അക്കാലത്ത് ഏറെ പേർ സന്ദർശകരായെത്തുമായിരുന്നു. ബീച്ച് ലയൺസ് പാർക്കിന് ശേഷം നഗരത്തിലെ രണ്ട് പാർക്കുകൾ കൂടി നടത്തിപ്പുകാരനിൽ നിന്ന് തിരിച്ചെടുക്കാൻ നഗരസഭ തീരുമാനിച്ചതിൽ പെട്ടതാണ് ഇംഗ്ലീഷ് പള്ളി പാർക്ക്.
കാരപ്പറമ്പ് ഹോമിയോ കോളജിന് മുന്നിലെ ഉദ്യാനമായിരുന്നു സ്വകാര്യ ഏജൻസിയിൽ നിന്ന് തിരിച്ചെടുത്ത മറ്റൊരു പാർക്ക്. പാർക്ക് പരിപാലിക്കാനും നിബന്ധനകൾക്ക് വിധേയമായി പരസ്യം ചെയ്യാനുമായിരുന്നു കൈമാറിയത്. വർഷം 3.01ലക്ഷം രൂപയായിരുന്നു ലൈസൻസ് ഫീസ്. 2020 മുതൽ അഞ്ച് കൊല്ലത്തേക്കായിരുന്നു കൈമാറ്റം. എന്നാൽ രണ്ടാം കൊല്ലത്തെ ലൈസൻസ് ഫീസ് കോർപറേഷന് നൽകിയില്ല. പരിപാലനം തൃപ്തികരമല്ലെന്നും കണ്ടെത്തി. പാർക്കും ഇരിപ്പിടങ്ങളും ശരിയായി പരിപാലിക്കുന്നില്ലെന്ന് റവന്യൂ ഇൻസ്പെകടർ റിപ്പോർട്ടും നൽകി. നടത്തിപ്പുകാരനുമായി ധനകാര്യ സ്ഥിരം സമിതി നടത്തിയ കുടിശ്ശികയടക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വീണ്ടും നോട്ടീസ് നൽകിയിട്ടും പണമടച്ചില്ല. ഇതിന്റെയടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കി കുടിശ്ശിക റവന്യൂറിക്കവറി വഴി ഈടാക്കാൻ തീരുമാനിച്ചത്. ലയൺസ് ക്ലബിൽനിന്ന് തിരിച്ചെടുത്ത ബീച്ച് പാർക്കിൽ നവീകരണം തുടങ്ങിയിട്ടില്ല. നവീകരിച്ച പാർക്കുകളുടെ പരിപാലനം സഹകരണ സ്ഥാപനങ്ങളെ ഏൽപിക്കാൻ കോർപറേഷൻ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല. അമൃത് പദ്ധതി ഭാഗമായി നവീകരിച്ച പാർക്കുകളടക്കം പരിപാലിക്കാൻ നടത്തിപ്പുകാരെ തേടിയെങ്കിലും ഒന്നും നടന്നിട്ടില്ല. മാനാഞ്ചിറ സ്ക്വയർ, പാർക്കുകൾ, മറ്റ് പൊതു ഇടങ്ങൾ, ശൗചാലയങ്ങൾ തുടങ്ങിയവ സംരക്ഷിക്കാനും പരിപാലിക്കാനും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രഫഷനൽ മാനേജ്മെന്റ് കമ്പനി രൂപവത്കരിച്ച് ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങുമെന്ന കോർപറേഷൻ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇനി പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.