കൊടുവള്ളി: മലയോര പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചെറുപുഴ കരകവിഞ്ഞൊഴുകുന്നു. പുഴയോര പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിലായി.
സർവവും നഷ്ടപ്പെട്ട് ദുരിതബാധിതരായി കഴിയുകയാണ് പുഴയോര പ്രദേശങ്ങളിലെ കുടുംബങ്ങൾ. ശനിയാഴ്ച രാവിലെയാണ് പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഉച്ചയോടെ പുഴ കരകവിഞ്ഞൊഴുകുകയും വീടുകളിൽ വെള്ളം കയറുകയുമായിരുന്നു.
തലപ്പെരുമണ്ണ കീപ്പൊയിൽ, കാക്കേരി, കുറുങ്ങാട്ട്, എടക്കുറുങ്ങാട്ട്, മാതോലത്ത്, മുത്താറുകണ്ടി, സ്രാമ്പിക്കൽ, മൊയാട്ടക്കടവ്, കളരാന്തിരി, കണ്ടിൽതൊടുക, പോർങ്ങോട്ടൂർ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.
തലപ്പെരുമണ്ണ കീപ്പൊയിൽ സുബൈദ, മൻസൂർ, കുണ്ടത്തിൽ സുധ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കിടപ്പുരോഗിയായ സുഭാഷിനെ മാറ്റിപ്പാർപ്പിച്ചു.
കഴിഞ്ഞ വർഷവും ശക്തമായ മഴയിൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി സർവവും നഷ്ടപ്പെട്ടിരുന്നു.
കൂടുതൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ തലപ്പെരുമണ്ണ ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്.
വെള്ളം കയറിക്കൊണ്ടിരിക്കുന്ന പ്രദേശത്തെ വീടുകളിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുശിനി, സ്ഥിരം സമിതി ചെയർമാൻ എ.കെ. അനിൽകുമാർ, കൗൺസിലർ ഇ. ബാലൻ, കെ. ശിവദാസൻ, വില്ലേജ് ഓഫിസർ നൗഫൽ, വില്ലേജ് അസിസ്റ്റൻറ് പ്രതീഷ് എന്നിവർ സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.