മുക്കം: കക്കാട് കടവ് തൂക്കുപാലം ഉദ്ഘാടനം രാഷ്ട്രീയവത്കരിച്ചതായി ആക്ഷേപവും തർക്കവും അവസാനിക്കും മുമ്പ് കാരശ്ശേരിയിലെ കർഷക ദിനാചരണവും രാഷ്ടീയവിവാദത്തിൽ മുങ്ങി. പരിപാടിയിൽ എം.എൽ.എയെ പങ്കെടുപ്പിക്കാതെ അവഗണിച്ചതായി ആരോപിച്ച് ഭരണസമിതിയിലെ ഇടതുപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. കഴിഞ്ഞദിവസം കൃഷിഭവനിൽ ചേർന്ന കർഷക വികസനസമിതി യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എയെ കർഷകദിനാചരണ പരിപാടിയിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയും പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എം.എൽ.എയെ പങ്കെടുപ്പിച്ചില്ലെന്ന് മാത്രമല്ല, യഥാർഥ കർഷകരെ തഴഞ്ഞാണ് അവാർഡ് നൽകിയതെന്നും ഇടത് അംഗങ്ങൾ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരിപാടി ബഹിഷ്കരിച്ച ഇടത് അംഗങ്ങളുടെ നടപടി കർഷകരോടുള്ള വെല്ലുവിളിയാണെന്നും പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു. എം.എൽ.എയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ധാരാളം പരിപാടികൾ ഉള്ളതിനാൻ വൈകുമെന്നതിനാലാണ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്.
കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ച് സുതാര്യമായാണ് കർഷകരെ അവാർഡിന് തിരഞ്ഞെടുത്തത്. കാരശ്ശേരി പഞ്ചായത്തിൽ നിർമിച്ച കക്കാട് കടവ് പാലത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയകാരണങ്ങളാൽ മുക്കം നഗരസഭയിലേക്ക് മാറ്റിയതായി ആരോപിച്ച് പഞ്ചായത്തും യു.ഡി.എഫും കഴിഞ്ഞ 14ന് നടന്ന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
കൂട്ടായ്മയിൽ നടത്തേണ്ട പരിപാടികൾ രാഷ്ടീയവത്കരിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യുന്നതിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.