കോഴിക്കോട്: കോർപറേഷൻ പരിധിയിൽ ഹരിതകർമ സേനയുടെ പ്രവർത്തനം എട്ട് ഘട്ടം കഴിഞ്ഞപ്പോൾ 71 ശതമാനം വീടുകളിലും എത്തിയതായി കണക്ക്. ആകെ 1,45,732 വീടുകളിൽ സേവനമെത്തുന്നു. കടകളിൽ നിന്നുള്ള മാലിന്യശേഖരണവും 46 ശതമാനമായി ഉയർന്നു.
കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്. മൊത്തം 4,73,112 ചാക്ക് മാലിന്യം ഇതിനകം സമാഹരിച്ചു. 2022 ഒക്ടോബറിലാണ് ഹരിതകർമസേന തുടങ്ങിയത്. അജൈവമാലിന്യ യൂസർ ഫീസായി 4,45,34,223 രൂപ സമാഹരിച്ചു.
ജൈവ മാലിന്യത്തിന്റേത് 4,71,38,480 രൂപയാണ്. ജൈവമാലിന്യത്തിന് ശരാശരി ഒരു മാസം 33-34 ലക്ഷം രൂപ യൂസർഫീ കിട്ടുന്നുണ്ട്. മൊത്തം 579 അംഗങ്ങളുള്ള ഹരിതകർമ സേനയിൽ 507 പേരും സ്ത്രീകളാണ്. തുടക്കത്തിൽ ദിവസം 600 രൂപ നിരക്കിൽ വേതനം നൽകിയിരുന്നതെങ്കിൽ ഡിസംബറിൽ അത് 700 രൂപയാക്കി ഉയർത്തി. ഒന്നാംഘട്ടത്തിൽ 37,679 വീടുകളിൽ നിന്നായിരുന്നു മാലിന്യം ലഭിച്ചത്.
ഹരിതകർമസേന 44 വാർഡുകളിൽനിന്ന് ജൈവമാലിന്യവും 75 വാർഡിൽനിന്ന് കോർപറേഷൻ അജൈവമാലിന്യവും ശേഖരിക്കുന്നുണ്ട്. കോർപറേഷനിൽ ചില വാർഡുകളിൽ അജൈവമാലിന്യം ശേഖരിക്കുന്ന വിഭാഗത്തിൽ ഹരിതകർമ സേനാംഗങ്ങളില്ല. അജൈവമാലിന്യം ശേഖരിക്കാനുള്ള എം.സി.എഫ് എല്ലായിടത്തും ഇല്ലാത്തത് പ്രശ്നമാണ്.
മൊത്തം 30 എം.സി.എഫുകളേയുള്ളൂ. റോഡരികിൽ ഏറെ ദിവസംവെച്ച ശേഷമാണ് മാലിന്യം കൊണ്ടുപോവുന്നത്. ഇത് ആക്ഷേപങ്ങൾക്കിടയാക്കുന്നത് തടയാൻ കൂടുതൽ സംവിധാനങ്ങളൊരുക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഹരിതകർമസേന മുഖേന നഗരത്തിലെ മാലിന്യം ശേഖരിക്കുന്നതിനായി 75 വാർഡിലേക്കും ഓരോ ഗുഡ്സ് ഓട്ടോ കണ്ടെയ്നറുകൾ വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. മൊത്തം 2.36 കോടി രൂപ ചെലവിലാണ് ഇലക്ട്രിക് വാഹനങ്ങൾ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.