ബാലുശ്ശേരി ചിറക്കൽ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു മുന്നിലെ ആൽമരം കാറ്റിൽ മറിഞ്ഞുവീണ നിലയിൽ

മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം

ബാലുശ്ശേരി: ശക്തമായ കാറ്റിലും വേനൽമഴയിലും ബാലുശ്ശേരി ഭാഗത്ത് വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലോടുകൂടി ശക്തമായ കാറ്റും മഴയും ഉണ്ടായത്. ബാലുശ്ശേരി ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡരികിലെ ആൽമരം കടപുഴകി ക്ഷേത്രകവാടത്തിലെ ബോർഡ് തകർന്നു.

സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമാണത്തിന് ആലിനു സമീപത്തുകൂടി മണ്ണെടുത്ത് കുഴി നിർമിച്ചിരുന്നു. ഇതോടെയാണ് ആൽമരം കാറ്റിൽ കടപുഴകിയത്. ബാലുശ്ശേരി എട്ടാം വാർഡിൽ തെങ്ങ്, കവുങ്ങ് എന്നിവ മുറിഞ്ഞുവീണ് നാശനഷ്ടങ്ങളുണ്ടായി. പനങ്ങാട്, വട്ടോളി ബസാർ, കിനാലൂർ, പൂവത്തുംചോല എന്നിവിടങ്ങളിൽ മരങ്ങൾ പൊട്ടിവീണ് നാശനഷ്ടങ്ങളുണ്ടായി. കൊയിലാണ്ടി- താമശ്ശേരി സംസ്ഥാന പാതയിൽ പലയിടങ്ങളിലായി വെള്ളത്തിൽ മുങ്ങിയതിനാൽ ഗതാഗത തടസ്സമുണ്ടായി. പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി. കോട്ടനട വയൽ, ആര്യൻകുന്നത്ത് വയൽ എന്നിവിടങ്ങളിൽ വയലിലെ പച്ചക്കറികൃഷി നശിച്ചു.

നാദാപുരത്ത് വ്യാപക നാശം

നാദാപുരം: വേനൽമഴക്കിടെയുണ്ടായ കാറ്റിലും മിന്നലിലും വ്യാപക നാശനഷ്ടം. ഒട്ടേറെ വീടുകൾ തകർന്നു. റോഡുകളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. നാദാപുരം, കക്കംവെള്ളി, ഉമ്മത്തൂർ, ചെക്യാട്, വരിക്കോളി, കുമ്മങ്കോട് ഭാഗങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. നഷ്ടം തിട്ടപ്പെടുത്താനായിട്ടില്ല. വൈദ്യുതിവകുപ്പിനും കനത്ത നാശമാണ് സംഭവിച്ചത്. ഹൈടെൻഷൻ ലൈനുകളടക്കം വ്യാപകമായി തകർന്നു. മരങ്ങൾ വീണതോടെ വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

നാദാപുരം തപാൽ ഓഫിസ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് നിലംപൊത്തി. തപാൽ ഓഫിസിലുള്ളവരും താഴെയുള്ള കടകളിലുള്ളവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നാദാപുരം താലൂക്ക് ആശുപത്രി യുടെ സ്ത്രീകളുടെ വാർഡിന്റെ കോണിപ്പടിയുടെ മുകളിലത്തെ മേൽക്കൂര തകർന്നു.

തൊട്ടടുത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ മൂന്നാം നിലയിലെ ഷീറ്റുകൾ മുഴുവൻ കാറ്റിൽ പാറിപ്പോയി. 21ാം വാർഡിലെ അരയാക്കൂൽ താഴകുനി റഷീദയുടെ വീട്ടിലേക്ക്‌ തെങ്ങ് പൊട്ടിവീണു. ഉമ്മത്തൂരിൽ ചേടിയാല ഹമീദിന്റെ വാഴ അടക്കമുള്ള വിളകൾ നശിച്ചു. കുനിയിൽ കുഞ്ഞിക്കണ്ണന്റെ വീടിന് തെങ്ങുവീണ് നാശനഷ്ടമുണ്ട്. ചാലപ്പുറത്ത് കെ.ഒ.കെ. സലീമിന്റെ വീട്ടിലെ തെങ്ങും മാവും പൊട്ടിവീണു. വരിക്കോളിയിൽ കൂടത്തിൽ സജീവന്റെ വീടിനും ചെക്യാട്ട് പുത്തൻപുരയിൽ ബിനീഷിന്റെ വീടിനും കുമ്മങ്കോട് രയരോത്ത് സൂപ്പിയുടെ വീടിനും മിന്നലിൽ തകരാർ നേരിട്ടു. ബിനീഷിന്റെ വീടിന്റെ ശുചിമുറി തകർന്നു. നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എം.ടി. റംലയുടെ വീടിനുമുകളിൽ തെങ്ങ് വീണു. ഉമ്മത്തൂരിലെ കുനിയിൽ കുഞ്ഞിക്കണ്ണന്റെ വീട്ടിലേക്ക് തെങ്ങ് വീണ് നഷ്ടമുണ്ടായി. ഈ ഭാഗത്ത് ഒട്ടേറെപ്പേരുടെ വിളകൾ നശിച്ചു. പുറമേരി പതിനഞ്ചാം വാർഡിലെ ഒറ്റതെങ്ങുള്ളതിൽ ദിനേശന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് കാറ്റിൽ കേടുപറ്റി. വീടിനു മുകളിൽനിന്ന് കല്ലും മറ്റും കാറിന് മുകളിൽ പതിക്കുകയായിരുന്നു.

കൊയിലാണ്ടി മേഖല ഇരുട്ടിൽ

കൊയിലാണ്ടി: ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റും മഴയും മേഖലയിൽ നാശം വിതച്ചു. ഫലവൃക്ഷങ്ങൾ ഉൾപ്പെടെ കടപുഴകി വീടുകൾക്കും വൈദ്യുതിത്തൂണുകൾക്കും കേട് സംഭവിച്ചു. ചിലയിടങ്ങളിൽ വൈദ്യുതിലൈനുകൾ പൊട്ടിവീണു. ഇതോടെ വൈദ്യുതി വിതരണം അവതാളത്തിലായി. വൈകീട്ട് ആറുമണിയോടെ നിലച്ച വൈദ്യുതി രാത്രി വൈകിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മഴക്ക് അകമ്പടിയായി മേഖലയിൽ കനത്ത ഇടിയും മിന്നലും അനുഭവപ്പെട്ടു.

തെങ്ങു വീണ് വീട് തകർന്നു

പേരാമ്പ്ര: കാറ്റിലും മഴയിലും മേപ്പയ്യൂർ മഠത്തും ഭാഗം തയ്യുള്ളതിൽ ബൈജുവിന്റെ വീട് തെങ്ങു വീണ് തകർന്നു. ഓടു മേഞ്ഞ വീടിന്റെ മേൽക്കൂരക്കും കഴുക്കോലും നശിച്ചു. 

Tags:    
News Summary - heavy damage from rain and wind in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.